'ഒരൊറ്റ ചോദ്യം, അവര്‍ക്ക് അതിനെ ഭയം; ഈ നാടകമെല്ലാം അതിന്റെ പേരില്‍'

അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു. അത് ഒഴിവാക്കാനാണ് ഇതെല്ലാം
രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍/എഎന്‍ഐ
രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍/എഎന്‍ഐ

ന്യൂഡല്‍ഹി: ഒരൊറ്റ ചോദ്യത്തിനു മറുപടി നല്‍കുന്നതില്‍നിന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രക്ഷിക്കാനാണ് തന്നെ അയോഗ്യനാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപം നടത്തിയത് ആരെന്ന ചോദ്യത്തെ ഭയന്നാണ് ഈ നാടകമെല്ലാം നടത്തുന്നതെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഒരൊറ്റ ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. അദാനിയെ രക്ഷിക്കാന്‍ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്? എവിടെനിന്നാണ്? ഈ ചോദ്യത്തില്‍നിന്നു മറുപടി പറയാതിരിക്കാനാണ് അവരുടെ ശ്രമം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദാനിയും തമ്മില്‍ അടുത്ത ബന്ധമാണ്. ഗുജറാത്തില്‍നിന്നു തുടങ്ങിയ ബന്ധമാണത്. താന്‍ ഈ ബന്ധം പാര്‍ലമെന്റില്‍ തുറന്നുകാട്ടി. അന്നു മുതലാണ് തനിക്കെതിരായ ഇപ്പോഴത്തെ നീക്കം തുടങ്ങിയതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. അയോഗ്യതയും വിദേശത്തെ പ്രസംഗത്തിന്റെ പേരില്‍ മന്ത്രിമാര്‍ തനിക്കെതിരെ നടത്തിയ നുണപ്രചാരണവും ഇതിന്റെ ഭാഗമാണ്.

തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു. അത് ഒഴിവാക്കാനാണ് ഇതെല്ലാം. ഇതുകൊണ്ടൊന്നും താന്‍ പിന്നോട്ടുപോവില്ല. ഇന്ത്യന്‍ ജനാധിപത്യ മൂല്യങ്ങളെ രക്ഷിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് രാഹുല്‍ പറഞ്ഞു.
 
'എനിക്ക് ആരെയും ഭയമില്ല. അവര്‍ക്ക് എന്നെ മനസ്സിലായിട്ടില്ല. ഞാന്‍ ചോദ്യങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. അയോഗ്യതയും ജയിലും കാണിച്ച് എന്നെ പേടിപ്പിക്കാനാവില്ല'- രാഹുല്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com