ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ വിട്ടയച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണം; കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് 

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചതില്‍ കേന്ദ്ര,ഗുജറാത്ത് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു
സുപ്രീം കോടതി/ പിടിഐ
സുപ്രീം കോടതി/ പിടിഐ

ന്യൂഡല്‍ഹി: ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കി വിട്ടയച്ചതില്‍ കേന്ദ്ര,ഗുജറാത്ത് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. പ്രതികളെ വിട്ടയച്ചതിന് എതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി ഇടപെടല്‍. കുറ്റവാളികളെ ജയില്‍ മോചിതരാക്കിയതുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജസ്റ്റിസുമാരായ കെഎം ജോസഫ്, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്‍പ്പെടെ ഉണ്ടോ എന്നറിയിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്തെ വിവിധ ജയിലുകളില്‍ ശിക്ഷയനുഭവിച്ച് കഴിയുന്ന പ്രതികള്‍ ജയില്‍ മോചനത്തിനായി കോടതികളെ സമീപിക്കാറുണ്ട്. സര്‍ക്കാരുകള്‍ തീരുമാനമെടുക്കാറില്ലെന്നാണ് ജയിലില്‍ കഴിയുന്നവരുടെ പരാതി. അതുകൊണ്ടുതന്നെ ഈ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ എങ്ങനെ ജയില്‍ മോചിതരാക്കി എന്നറിയണമെന്ന്  ജസ്റ്റിസ് കെഎം ജോസഫ് അഭിപ്രായപ്പെട്ടു.

ശിക്ഷാ ഇളവിനെതിരേ ബില്‍ക്കിസ് ബാനുവിന് പുറമെ സി.പി.എം. നേതാവ് സുഭാഷിണി അലി, ലോക്‌സഭാംഗം മഹുവ മൊയ്ത്ര, മാധ്യമപ്രവര്‍ത്തക രേവതി ലൗല്‍, രൂപ് രേഖ വര്‍മ, ദേശീയ മഹിളാ ഫെഡറേഷന്‍ തുടങ്ങിയവരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജിയില്‍ ഏപ്രില്‍ പതിനെട്ടിന് വിശദമായ വാദം കേള്‍ക്കുമെന്ന് സുപ്രീംകോടതി അറിയിച്ചു.

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com