കൈക്കൂലി കേസ്: കര്‍ണാടക ബിജെപി എംഎല്‍എ വിരുപാക്ഷപ്പ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 27th March 2023 08:16 PM  |  

Last Updated: 27th March 2023 08:16 PM  |   A+A-   |  

virupakshappa

ഫോട്ടോ: എഎൻഐ

 

ബംഗളൂരു: കൈക്കൂലി കേസില്‍ പ്രതിയായ കര്‍ണാടക ബിജെപി എംഎല്‍എ മാഡൽ വിരുപാക്ഷപ്പ അറസ്റ്റില്‍. തുംകുരുവിലെ ക്യാതസാന്ദ്ര ടോള്‍ പ്ലാസയ്ക്ക് സമീപത്ത് വച്ച് കര്‍ണാടക ലോകായുക്ത പൊലീസാണ് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. 

നേരത്തെ മുന്‍കൂര്‍ ജാമ്യാപക്ഷേയുമായി വിരുപാക്ഷപ്പ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷ തള്ളി. പിന്നാലെയാണ് അറസ്റ്റ്. കേസില്‍ ഒന്നാം പ്രതിയായതിന് പിന്നാലെ വിരുപാക്ഷപ്പ ഒളിവില്‍ പോയിരുന്നു. 

ലോകായുക്ത പൊലീസിന്റെ മിന്നല്‍ റെയ്ഡില്‍ വിരുപാക്ഷപ്പയുടെ മകന്റെ വീട്ടില്‍ നിന്നടക്കം എട്ട് കോടിയിലേറെ രൂപ പിടിച്ചെടുത്തിരുന്നു. കെഎസ്ഡിഎല്‍ ഓഫീസില്‍ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ മകന്‍ പ്രശാന്ത് ആണ് കേസിലെ രണ്ടാം പ്രതി. 

കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ (കെഎസ്ഡിഎല്‍) ചെയര്‍മാനായിരുന്നു വിരുപാക്ഷപ്പ. സ്ഥാനം രാജിവയ്ക്കുന്നതായി മുഖ്യമന്ത്രിക്ക് കത്തയച്ചാണ് വിരുപാക്ഷപ്പ ഒളിവില്‍ പോയത്. 

മൈസൂര്‍ സാന്‍ഡല്‍ സോപ്പ് നിര്‍മാതാക്കളായ കെഎസ്ഡിഎല്ലിന് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്ന കെമിക്‌സില്‍ കോര്‍പറേഷന്‍ ഉടമയില്‍ നിന്നു മകന്‍ കൈക്കൂലി വാങ്ങിയത് എംഎല്‍എക്കു വേണ്ടിയാണെന്നു പൊലീസ് നിഗമനമുണ്ടായിരുന്നു.

വിരുപാക്ഷപ്പ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത് മുതല്‍ കരാറുകളില്‍ വന്‍ അഴിമതി നടന്നുവെന്ന ആരോപണവുമായി തൊഴിലാളി സംഘടനകളും രംഗത്തെത്തിയിരുന്നു. 300 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം.

ഈ വാര്‍ത്ത കൂടി വായിക്കൂ

നമീബിയയില്‍ നിന്ന് എത്തിച്ച ചീറ്റകളില്‍ ഒന്ന് ചത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ