'ശക്തമായ പോരാട്ടത്തിന് സജ്ജരാകുക'; ബിജെപി പ്രവര്‍ത്തകരോട് പ്രധാനമന്ത്രി 

പാര്‍ട്ടി കൂടുതല്‍ മുന്നേറുകയും വിജയം നേടുകയും ചെയ്യുമ്പോള്‍, പ്രതിപക്ഷത്തിന്റെ എതിര്‍പ്പും കൂടുതല്‍ ശക്തമാകുമെന്ന് മോദി ഓര്‍മ്മിപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദി/ എഎന്‍ഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ എഎന്‍ഐ

ന്യൂഡല്‍ഹി: ശക്തമായ പോരാട്ടത്തിന് സജ്ജരാകാന്‍ ബിജെപി നേതാക്കളോടും പ്രവര്‍ത്തകരോടും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദേശം. പാര്‍ട്ടി കൂടുതല്‍ മുന്നേറുകയും വിജയം നേടുകയും ചെയ്യുമ്പോള്‍, പ്രതിപക്ഷത്തിന്റെ എതിര്‍പ്പും കൂടുതല്‍ ശക്തമാകുമെന്ന് മോദി ഓര്‍മ്മിപ്പിച്ചു.

പാര്‍ലമെന്റ് കെട്ടിടത്തില്‍ രാവിലെയാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ബിജെപിയുടെ മികച്ച വിജയത്തില്‍ നേതാക്കള്‍ പ്രധാനമന്ത്രിയെ അനുമോദിച്ചു. ബിജെപി സ്ഥാപക ദിനമായ ഏപ്രില്‍ ആറിനും ഡോ. അംബേദ്കര്‍ ജന്മവാര്‍ഷികദിനമായ ഏപ്രില്‍ 14 നും ഇടയില്‍ കൂടുതല്‍ സാമൂഹിക വിഷയങ്ങളില്‍ ശ്രദ്ധപുലര്‍ത്താന്‍ എംപിമാരോട് പ്രധാനമന്ത്രി നിര്‍ദേശിച്ചു. 

കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷ പാർട്ടികളെ പ്രധാനമന്ത്രി യോ​ഗത്തിൽ രൂക്ഷമായി വിമർശിച്ചു. അദാനി-ഹിന്‍ഡെന്‍ബര്‍ഗ് വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കിയ വേളയിലാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ലമെന്റ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്തംഭിച്ചിരുന്നു. 

രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തിലും കോണ്‍ഗ്രസ് പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ്. ജനാധിപത്യം അപകടത്തിലായി എന്നാണ് കോണ്‍ഗ്രസ് നേതൃത്വം ആരോപിക്കുന്നത്. എന്നാല്‍ മോദിക്കെതിരായ പരാമര്‍ശം, ഒബിസി സമുദായത്തിനെതിരായ അപകീര്‍ത്തി പ്രസ്താവനയാണെന്നും രാഹുല്‍ഗാന്ധി മാപ്പുപറയണമെന്നും ആവശ്യപ്പെട്ടാണ് ബിജെപി തിരിച്ചടിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com