ചെടികളെ 'കൊല്ലുന്ന' ഫംഗസ് ബാധ മനുഷ്യനിലും; ലോകത്ത് ആദ്യമായി രോഗം പിടിപെട്ടത് കൊല്‍ക്കത്ത സ്വദേശിക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 09:14 PM  |  

Last Updated: 31st March 2023 09:14 PM  |   A+A-   |  

fungus

പ്രതീകാത്മക ചിത്രം

 

കൊല്‍ക്കത്ത: ചെടികളെ ബാധിക്കുന്ന ഫംഗസ് രോഗം (പൂപ്പല്‍ ബാധ) മനുഷ്യനിലും. ലോകത്ത് ആദ്യമായി കൊല്‍ക്കത്ത സ്വദേശിയെ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മെഡിക്കല്‍ ജേര്‍ണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പേര് വെളിപ്പെടുത്താത്ത 61കാരനാണ് രോഗം ബാധിച്ചത്. ഭക്ഷണം ഇറക്കുന്നതിന് ബുദ്ധിമുട്ട്, ചുമ, ക്ഷീണം, തൊണ്ടയടപ്പ് തുടങ്ങിയ രോഗലക്ഷണങ്ങളുമായാണ് 61കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ജീവിത ശൈലി രോഗങ്ങള്‍ അടക്കം മറ്റു രോഗങ്ങള്‍ പിടിപെട്ടതായി മുന്‍കാല ചരിത്രം ഇല്ലാത്തയാള്‍ക്കാണ് രോഗം ബാധിച്ചത്. 

ഫംഗസ് അഥവാ പൂപ്പലുകളെ കുറിച്ച് ദീര്‍ഘകാലമായി ഗവേഷണം ചെയ്യുന്നയാള്‍ക്കാണ് രോഗം പിടിപെട്ടതെന്നും മെഡിക്കല്‍ മൈക്കോളജി കേസ് റിപ്പോര്‍ട്ട്്‌സ് എന്ന ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.കോണ്ട്രോസ്റ്റീരിയം പര്‍പ്യൂറിയം എന്ന കുമിള്‍ കാരണമാകുന്ന സില്‍വര്‍ ലീഫ് രോഗം ചെടികളെ ബാധിക്കാറുണ്ട്. ഈ കുമിള്‍ ബാധിച്ചാണ് 61കാരന് രോഗം പിടിപെട്ടത്. ഇതാദ്യമായാണ് ചെടികളെ ബാധിക്കുന്ന കുമിള്‍ മനുഷ്യനില്‍ രോഗത്തിന് കാരണമായത്. 61കാരന്റെ കഴുത്തില്‍ കണ്ട പഴുപ്പുനിറഞ്ഞ കുരു ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രണ്ടുവര്‍ഷം നീണ്ട ആന്റിഫംഗല്‍ ചികിത്സയിലൂടെ 61കാരന്റെ രോഗം പൂര്‍ണമായി മാറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാജ്യത്ത് പടരുന്നത് ഒമൈക്രോണ്‍ ഉപവകഭേദം എക്സ്ബിബി 1.16; ലക്ഷണങ്ങളും അപകട സാധ്യതയും ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ