രാജ്യത്ത് പടരുന്നത് ഒമൈക്രോണ്‍ ഉപവകഭേദം എക്സ്ബിബി 1.16; ലക്ഷണങ്ങളും അപകട സാധ്യതയും ഇങ്ങനെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 01:22 PM  |  

Last Updated: 31st March 2023 01:22 PM  |   A+A-   |  

covid

കോവിഡ് പരിശോധന/ എഎന്‍ഐ

 

ന്യൂഡല്‍ഹി: കോവിഡ് ഒമൈക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി 1.16 ഏറ്റവും കൂടുതല്‍ വ്യാപിക്കുന്നത് ഇന്ത്യയിലെന്ന് ലോകാരോഗ്യസംഘടന. പെട്ടെന്നു പടര്‍ന്നു പിടിക്കുന്നതാണ് ഈ വകഭേദം. നിലവില്‍ 22 രാജ്യത്ത് ഈ ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ രോഗവ്യാപനം ഇന്ത്യയിലാണെന്നും ലോകാരാഗ്യസംഘടന സാങ്കേതിക വിദഗ്ധ മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു. 

ഇന്ത്യയിലെ ഇപ്പോഴത്തെ രോഗവ്യാപനത്തില്‍ 60 ശതമാനവും ഒമൈക്രോണ്‍ ഉപവകഭേദമായ എക്സ്ബിബി 1.16 മൂലമാണെന്ന് ഗുജറാത്ത് ബയോടെക്‌നോളജി റിസര്‍ച്ച് സെന്റര്‍ സൂചിപ്പിച്ചു. 50 കേസ് പരിശോധിച്ചാല്‍ മുപ്പതും എക്സ്ബിബി 1.16 മൂലമാണ്. എക്സ്ബിബി.2.3, എക്സ്ബിബി.1.5 എന്നീ ഉപവകഭേദങ്ങളും പടരുന്നുണ്ട്. 

ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍  എക്സ്ബിബി 1.16 കണ്ടുവരുന്നത്. ഒമൈക്രോണിന്റെ മറ്റു വകഭേദങ്ങളേക്കാള്‍ പെട്ടന്നു പടരുന്നതാണ് എക്സ്ബിബി 1.16. 48 മണിക്കൂറിലധികം നീണ്ടുനില്‍ക്കുന്ന  പനി, ചുമ, തൊണ്ടവേദന, ശരീരവേദന, തലവേദന, ജലദോഷം, വയറുവേദന എന്നിവയാണ് ലക്ഷണം. മണമോ രുചിയോ നഷ്ടമാകണമെന്നില്ല. പലര്‍ക്കും ഗൃഹപരിചരണം കൊണ്ടു തന്നെ സുഖം പ്രാപിക്കാവുന്നതാണ്. 

അതേസമയം പ്രായമായവര്‍, ഹൃയ-ശ്വാസകോശ രോഗങ്ങളുള്ളവര്‍, ക്ഷയരോഗം, പ്രമേഹം, വൃക്കരോഗം തുടങ്ങിയവ ഉള്ളവര്‍ക്ക്  ഈ കോവിഡ് വകഭേദം ബാധിച്ചാല്‍ അപകടകരമായേക്കാമെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇത്തരം രോഗമുള്ളവര്‍ വൈറസ് ബാധയുണ്ടാകാതിരിക്കാന്‍ വേണ്ട ജാഗ്രത പാലിക്കണമെന്നും നിര്‍ദേശിക്കുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ഇന്നലെ 3095 രോഗികള്‍; രോഗവ്യാപനത്തില്‍ മുന്നില്‍ കേരളം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ