രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ഇന്നലെ 3095 രോഗികള്‍; രോഗവ്യാപനത്തില്‍ മുന്നില്‍ കേരളം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 10:49 AM  |  

Last Updated: 31st March 2023 10:49 AM  |   A+A-   |  

covid india

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളിലാകുന്നത്. ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 15,208 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 2.7 ശതമാനമായി വര്‍ധിച്ചു. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമാണ്. രോഗസ്ഥിരീകരണ നിരക്ക് ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിന് രേഖപ്പെടുത്തിയ 3375 ആണ് ഇതിനു മുമ്പത്തെ ഉയര്‍ന്ന രോഗനിരക്ക്. 

ഒരാഴ്ചയ്ക്കിടെ ഇരട്ടിയായാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുള്ളത്. കേരളം, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കുതിച്ചുയരുന്നത്. ചൊവ്വാഴ്ച കേരളത്തില്‍ 332 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബുധനാഴ്ച ഇത് 686 ഉം, വ്യാഴാഴ്ച 765 ആയും വര്‍ധിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ കൂടുന്നത്. 

രാജ്യത്ത് കോവിഡ് രോഗബാധ മൂലമുള്ള മരണം 5,30,867 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ചുപേരാണ് വൈറസ് ബാധ മൂലം മരിച്ചത്. ഇതില്‍ മൂന്നെണ്ണം കേരളത്തിലാണെന്നും, ഗോവ, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ഓരോ മരണവും റിപ്പോര്‍ട്ട് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇന്‍ഡോര്‍ ക്ഷേത്രക്കിണര്‍ അപകടം: മരണം 35 ആയി; അഞ്ചു ലക്ഷം ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ