പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റി, തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; നാലുപേര്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 11:18 AM  |  

Last Updated: 31st March 2023 11:18 AM  |   A+A-   |  

Woman sitting in park dragged into car, sexually assaulted

പ്രതീകാത്മക ചിത്രം

 

ബംഗലൂരു: പാര്‍ക്കില്‍ ആണ്‍സുഹൃത്തിനൊപ്പം ഇരുന്ന യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. കര്‍ണാടകയിലെ കൊറമംഗല പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

മാര്‍ച്ച് 25 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. നാഷണല്‍ ഗെയിംസ് വില്ലേജ് പാര്‍ക്കില്‍ സുഹൃത്തിനൊപ്പം ഇരിക്കുകയായിരുന്നു യുവതി. ഇതിനിടെ അവിടെയെത്തിയ അക്രമി സംഘം യുവാവിനെ ഭീഷണിപ്പെടുത്തി, യുവതിയെ വലിച്ചിഴച്ച് കാറില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു. 

കാറില്‍ വെച്ച് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതായി യുവതി പൊലീസിനോട് പറഞ്ഞു. ദോംലൂര്‍, ഇന്ദിരാനഗര്‍, അനേകല്‍, നൈസ് റോഡ് തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രി മുഴുവന്‍ വാഹനം ഓടിച്ചാണ് പ്രതികള്‍ യുവതിയെ പീഡിപ്പിച്ചത്. 

പിറ്റേന്ന് പുലര്‍ച്ചെ യുവതിയെ വീടിന് സമീപത്ത് പ്രതികള്‍ ഇറക്കിവിടുകയായിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് വീട്ടുകാര്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. 

കേസില്‍ സതീഷ്, വിജയ്, ശ്രീധര്‍, കിരണ്‍ എന്നിവരാണ് അറസ്റ്റിലായതെന്നാണ് പൊലീസ് അറിയിച്ചത്. കേസില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാജ്യത്ത് കോവിഡ് വ്യാപനം കുതിച്ചുയരുന്നു; ഇന്നലെ 3095 രോഗികള്‍; രോഗവ്യാപനത്തില്‍ മുന്നില്‍ കേരളം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ