ലീഗിന് ആശ്വാസം; മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മുസ്ലിം ലീഗ് അടക്കം മതചിഹ്നവും പേരുമുള്ള പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന വാദം ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി സുപ്രീംകോടതി തള്ളിയത്. 

ജസ്റ്റിസ് എം ആര്‍ ഷാ, ജസ്റ്റിസ് അഹ്‌സാനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. മതപരമായ പേരും ചിഹ്നവും ഉപയോഗിക്കുന്ന പാര്‍ട്ടികളെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുപി സ്വദേശി സയീദ് വസിം റിസ്‌വിയാണ് ഹര്‍ജി നല്‍കിയത്. യുപി ഷിയ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാനാണ് ഇദ്ദേഹം. റിസ്‌വി പിന്നീട് ഹിന്ദുമതം സ്വീകരിച്ചിരുന്നു.  

മുസ്ലിം ലീഗ്, ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുള്‍ മുസ്ലിമിന്‍ തുടങ്ങിയ പാര്‍ട്ടികളെ കക്ഷിയാക്കാനാണ് ഹര്‍ജിക്കാരന്‍ ശ്രമിക്കുന്നതെന്ന് ലീഗ് കോടതിയില്‍ വാദിച്ചു. എന്തുകൊണ്ട് ശിവസേന, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികളെ കേസില്‍ കക്ഷിയാക്കുന്നില്ലെന്നും ലീഗ് ചോദിച്ചു. കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയുടെ ചിഹ്നം താമരയാണ്. താമര ഹിന്ദു മതചിഹ്നമാണെന്നും ലീഗ് കോടതിയില്‍ ചൂണ്ടിക്കാട്ടി. 

എഐഎംഐഎം അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ സമാനമായ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതിനാല്‍ സാങ്കേതികമായി ഹര്‍ജി നിലനില്‍ക്കില്ലെന്നും കെകെ വേണുഗോപാല്‍ പറഞ്ഞു. ഈ വാദം അംഗീകരിച്ച ജസ്റ്റിസ് എം ആര്‍ ഷാ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളാനായി തീരുമാനിച്ചു. ഇതേത്തുടര്‍ന്ന് ഹര്‍ജി പിന്‍വലിക്കുന്നതായി ഹര്‍ജിക്കാരന്‍ അറിയിച്ചു. ഹര്‍ജിക്കാരന് വേണമെങ്കില്‍ ഹൈക്കോടതിയെ സമീപിക്കാമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com