ഇടക്കാല സ്‌റ്റേ ഇല്ല, രാഹുലിന്റെ അയോഗ്യത തുടരും; അപ്പീലില്‍ വിധി വേനലവധിക്കു ശേഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2023 04:53 PM  |  

Last Updated: 02nd May 2023 04:53 PM  |   A+A-   |  

rahul

രാഹുല്‍ ഗാന്ധി/ ട്വിറ്റർ

 

അഹമ്മദാബാദ്: മാനനഷ്ടക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ വിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി വേനലവധിക്കു ശേഷം വിധി പറയും. വിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന രാഹുലിന്റെ ആവശ്യം ജസ്റ്റിസ് ഹേമന്ത് പ്രചക് അനുവദിച്ചില്ല. 

ഹര്‍ജിയില്‍ ഇരുപക്ഷത്തിന്റെയും വാദം കേട്ട കോടതി വിധി പറയാന്‍ മാറ്റിവയ്ക്കുകയായിരുന്നു. ഇടക്കാല സ്റ്റേ ഇല്ലാത്തതിനാല്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വത്തിനുള്ള അയോഗ്യത തുടരും.

കുറ്റക്കാരനെന്ന് കണ്ടെത്തിയ മജിസ്‌ട്രേട്ട് കോടതി ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപേക്ഷ നേരത്തെ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. രാഹുലിനു 2 വര്‍ഷം തടവുശിക്ഷ വിധിച്ചതിനെതിരായ പ്രധാന അപ്പീലില്‍ മേയ് 20നു മാത്രമേ വാദം തുടങ്ങൂ. ഇതില്‍ തീര്‍പ്പാകുംവരെ രാഹുലിനു ലഭിച്ച ജാമ്യം തുടരും. 

'മോഷ്ടാക്കള്‍ക്കെല്ലാം മോദിയെന്നു പേരുള്ളത് എന്തുകൊണ്ട്' എന്നു രാഹുല്‍ പറഞ്ഞത് അപകീര്‍ത്തിയുണ്ടാക്കിയെന്ന് ആരോപിച്ച് ബിജെപി എംഎല്‍എ പൂര്‍ണേശ് മോദി നല്‍കിയ പരാതിയിലാണ് കഴിഞ്ഞമാസം 23നു മജിസ്‌ട്രേട്ട് കോടതി ശിക്ഷ വിധിച്ചത്. 2019 ഏപ്രിലില്‍ കര്‍ണാടകയിലെ കോലാറിലായിരുന്നു പരാമര്‍ശം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ശരദ് പവാര്‍ എന്‍സിപി അധ്യക്ഷസ്ഥാനം ഒഴിഞ്ഞു; അപ്രതീക്ഷിത പ്രഖ്യാപനം ( വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ