'അധ്യക്ഷ സ്ഥാനം ഒഴിയരുത്, നേതാക്കള്‍ കൂട്ടത്തോടെ എത്തി'; പുനരാലോചിക്കുമെന്ന് ശരദ് പവാര്‍ 

പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം ശരദ് പവാര്‍ പുനരാലോചിക്കുമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍
ശരദ് പവാര്‍/ഫയല്‍ ചിത്രം
ശരദ് പവാര്‍/ഫയല്‍ ചിത്രം

മുംബൈ: പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം ശരദ് പവാര്‍ പുനരാലോചിക്കുമെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍. എന്നാല്‍ ചിന്തിക്കാന്‍ രണ്ടോ മൂന്നോ ദിവസത്തെ സമയം വേണമെന്ന് ശരദ് പവാര്‍ ആവശ്യപ്പെട്ടതായും അജിത് പവാര്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മറ്റു പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം അജിത് പവാറും ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയും ശരദ് പവാറിനെ കണ്ടിരുന്നു. 

'പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ നിങ്ങള്‍ എല്ലാവരും വന്ന് കണ്ട സ്ഥിതിക്ക് തീരുമാനം പുനരാലോചിക്കാം.എന്നാല്‍ ഇക്കാര്യം ചിന്തിക്കാന്‍ രണ്ടോ മൂന്നോ ദിവസം സമയം വേണം. ഞാന്‍ ഒഴിയാന്‍ തീരുമാനിച്ചതിന് പിന്നാലെ ചില പാര്‍ട്ടി നേതാക്കള്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ ഒഴിയുകയാണ്. ഇത്തരം രാജി അവസാനിപ്പിക്കണം'- ശരദ് പവാറിനെ ഉദ്ധരിച്ച് അജിത് പവാര്‍ പറഞ്ഞ വാക്കുകള്‍. 

ശരദ് പവാര്‍ അധ്യക്ഷനായി തുടരണമെന്നാണ് നേതാക്കള്‍ പറയുന്നത്. അദ്ദേഹത്തിന്റെ കീഴില്‍ വര്‍ക്കിങ് പ്രസിഡന്റിനെ നിയോഗിച്ച് പാര്‍ട്ടി  മുന്നോട്ടുപോകണമെന്നാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള  തീരുമാനത്തില്‍ പ്രവര്‍ത്തകര്‍ അസംതൃപ്തരാണെന്ന കാര്യം ശരദ് പവാറിനെ ധരിപ്പിച്ചെന്നും അജിത് പവാര്‍ പറഞ്ഞു. 

ഇന്ന് അപ്രതീക്ഷിതമായിട്ടായിരുന്നുഎന്‍സിപി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന ശരദ് പവാറിന്റെ പ്രഖ്യാപനം വന്നത്. ആത്മകഥയുടെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്നതിനിടെയാണ് പവാര്‍ സ്ഥാനമൊഴിയുന്ന കാര്യം അറിയിച്ചത്. ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും ശരദ് പവാര്‍ അറിയിച്ചു.

സജീവരാഷ്ട്രീയത്തില്‍ തുടരും. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഇനി മത്സരിക്കില്ല. രാജ്യസഭാംഗത്വം അവസാനിക്കാന്‍ ഇനി മൂന്നു വര്‍ഷം കൂടിയുണ്ട്. ഈ കാലയളവില്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വിഷയങ്ങളില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും. മറ്റൊരു ചുമതലയും ഏറ്റെടുക്കില്ല. ഒരാളും അത്യാഗ്രഹിയാകരുതെന്നും ശരദ് പവാര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com