പവാറിന്റെ രാജി എന്‍സിപി നേതൃയോഗം തള്ളി; അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് പ്രമേയം

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th May 2023 12:39 PM  |  

Last Updated: 05th May 2023 12:39 PM  |   A+A-   |  

sarad_pawar

ശരദ് പവാറും ഭാര്യയും പുസ്തകപ്രകാശന ചടങ്ങില്‍/ പിടിഐ

 

മുംബൈ: എന്‍സിപി അധ്യക്ഷ പദവി രാജിവെക്കുന്നുവെന്ന ശരദ് പവാറിന്റെ തീരുമാനം പാര്‍ട്ടി നേതൃയോഗം തള്ളി. ശരദ് പവാര്‍ അധ്യക്ഷസ്ഥാനത്തു തുടരണമെന്ന് എന്‍സിപി കോര്‍ കമ്മിറ്റി പ്രമേയം പാസാക്കിയെന്ന് പാര്‍ട്ടി വൈസ് പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ യോഗശേഷം അറിയിച്ചു. 

പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ ശരദ് പവാര്‍ നിശ്ചയിച്ച 18 അംഗങ്ങള്‍ അടങ്ങിയ കോര്‍ കമ്മിറ്റി യോഗമാണ് പവാറിന്റെ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. പവാറിന്റെ രാജി നിരസിക്കാനും നേതൃസ്ഥാനത്ത് അദ്ദേഹം തുടരണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്യുന്ന പ്രമേയം പ്രഫുല്‍ പട്ടേലാണ് യോഗത്തില്‍ അവതരിപ്പിച്ചത്. 

യോഗത്തില്‍ സംബന്ധിച്ച പവാര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. എന്‍സിപിയുടെ നിര്‍ണായക നേതൃയോഗം ചേരാനിരിക്കെ, മുംബൈയിലെ പാര്‍ട്ടി ഓഫീസിന് മുന്നില്‍ പവാര്‍ രാജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍സിപി പ്രവര്‍ത്തകര്‍ ഒത്തുകൂടുകയും, പവാറിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. 

മുംബൈയില്‍ ആത്മകഥയുടെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കവെ മേയ് രണ്ടിനാണ് പാര്‍ട്ടി പ്രവര്‍ത്തകരെ ഞെട്ടിച്ച തീരുമാനം ശരദ് പവാര്‍ പ്രഖ്യാപിച്ചത്. പവാറിന്റെ പിന്‍ഗാമിയായി മകള്‍ സുപ്രിയ സുലെ, അനന്തരവന്‍ അജിത് പവാര്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു വന്നിരുന്നത്. അതില്‍ സുപ്രിയയുടെ പേരിനായിരുന്നു മുന്‍തൂക്കം. 

അതിനിടെ ശരദ് പവാര്‍ എന്‍സിപി നേതൃസ്ഥാനത്ത് തുടരണമെന്ന് പ്രതിപക്ഷ പാര്‍ട്ടികളും നേതാക്കളും അഭ്യര്‍ത്ഥിച്ചിരുന്നു. സിപിഎം, സിപിഐ, കോണ്‍ഗ്രസ്, ഡിഎംകെ തുടങ്ങിയ പാര്‍ട്ടികളാണ് പവാറിനോട് നേതൃസ്ഥാനത്ത് തുടരാന്‍ അഭ്യര്‍ത്ഥിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ലോക്‌സഭ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചരണ്‍ജിത് സിങ് അത്‌വാള്‍ ബിജെപിയില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ