'ധാര്‍മിക പ്രബോധനമല്ല സുപ്രീം കോടതിയുടെ പണി; ആധാരം നിയമവാഴ്ച മാത്രം'

രണ്ടു മക്കളെ വിഷം കൊടുത്തു കൊന്ന അമ്മയെ ജയിലില്‍നിന്നു മോചിപ്പിക്കാനുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ധാര്‍മികതയെയും സന്മാര്‍ഗത്തെയും കുറിച്ചു സമൂഹത്തിനു പ്രബോധനം നല്‍കുന്ന സ്ഥാപനമല്ല സുപ്രീം കോടതിയെന്ന് രണ്ടംഗ ബെഞ്ചിന്റെ നിരീക്ഷണം. നിയമവാഴ്ചയാണ് സുപ്രിം കോടതിയുടെ പ്രവര്‍ത്തനത്തിന്റെ ആധാരമെന്ന് ജസ്റ്റിസുമാരായ അജയ് രസ്‌തോഗിയും എ അമാനുല്ലയും പറഞ്ഞു.

രണ്ടു മക്കളെ വിഷം കൊടുത്തു കൊന്ന അമ്മയെ ജയിലില്‍നിന്നു മോചിപ്പിക്കാനുള്ള ഉത്തരവിലാണ് കോടതിയുടെ പരാമര്‍ശം. കൊലക്കേസില്‍ ശിക്ഷ ശരിവച്ച മദ്രാസ് ഹൈക്കോടതി ഉത്തരവിന് എതിരെ, ശിക്ഷിക്കപ്പെട്ട സ്ത്രീയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

കാമുകനില്‍നിന്നുള്ള ഉപദ്രവം സഹിക്കാനാവാതെ മക്കളെ കൊന്ന് യുവതി ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നെന്ന് കോടതി ചൂണ്ടിക്കാട്ടി. മക്കള്‍ക്കു വിഷം കൊടുത്ത ശേഷം സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചപ്പോള്‍ ബന്ധു തട്ടിമാറ്റുകയായിരുന്നു. കൊലപാതക കേസില്‍ സ്ത്രീ ഇതിനകം ഇരുപതു വര്‍ഷത്തോളം ജയില്‍ ശിക്ഷ അനുഭവിച്ചുകഴിഞ്ഞതായി കോടതി പറഞ്ഞു.

സ്ത്രീയുടെ മോചനത്തിന്, തമിഴ്‌നാട് സംസ്ഥാന തല സമിതി ശുപാര്‍ശ ചെയ്തിരുന്നതാണ്. എന്നാല്‍ കുറ്റകൃത്യത്തിന്റെ ഗുരുതര സ്വഭാവം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അതു തള്ളുകയായിരുന്നു. യുവതി കുറ്റക്കാരിയെന്നു കണ്ടെത്തിയതിലോ ശിക്ഷിച്ചതിലോ ഇടപെടുന്നില്ല. അവര്‍ ചെയ്ത കുറ്റകൃത്യം വിസ്മരിക്കുന്നില്ല, എന്നാല്‍ അവരും വിധിയുടെ കൈയിലെ കളിപ്പാവ മാത്രമായിരുന്നെന്നതു മറക്കരുതെന്ന് കോടതി പറഞ്ഞു.

കുട്ടികളെ കൊലപ്പെടുത്തി കാമുകനോടൊപ്പം ജീവിക്കാനായിരുന്നു അവരുടെ ശ്രമം എന്നത് വിശ്വസനീയമല്ല. നിവൃത്തിയില്ലാതെ കുട്ടികളെ കൊലപ്പെടുത്തി ജീവനൊടുക്കാനാണ് അവര്‍ ശ്രമിച്ചതെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com