'ഗവര്‍ണര്‍ക്കു പിഴവു പറ്റി; വിശ്വാസവോട്ട് ചട്ട വിരുദ്ധം; മഹാരാഷ്ട്രാ കൂറുമാറ്റക്കേസില്‍ സുപ്രീം കോടതി

വിശ്വാസവോട്ടിനു നില്‍ക്കാതെയാണ് ഉദ്ധവ് താക്കറെ രാജിവച്ചത് എന്നതിനാല്‍ സര്‍ക്കാരിനെ പുനസ്ഥാപിക്കുന്നതിന് ഉത്തരവിടുന്നില്ലെന്ന് ഭരണഘടനാ ബെഞ്ച്
ഉദ്ധവ് താക്കറെ, സുപ്രീം കോടതി/ഫയല്‍
ഉദ്ധവ് താക്കറെ, സുപ്രീം കോടതി/ഫയല്‍

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെയോട് വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ നടപടി തെറ്റായിരുന്നെന്ന് സുപ്രീം കോടതി. പാര്‍ട്ടിയിലെ പടലപ്പിണക്കത്തിന്റെ പേരില്‍ നിയമസസഭയില്‍ വിശ്വാസവോട്ട് നടത്താനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

വിശ്വാസവോട്ടിനു നില്‍ക്കാതെയാണ് ഉദ്ധവ് താക്കറെ രാജിവച്ചത് എന്നതിനാല്‍ സര്‍ക്കാരിനെ പുനസ്ഥാപിക്കുന്നതിന് ഉത്തരവിടുന്നില്ലെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. വിശ്വാസവോട്ടിനു നില്‍ക്കാതെ താക്കറെ രാജിവച്ചതിനാല്‍, ഏറ്റവുംവലിയ ഒറ്റക്കക്ഷിയായ ബിജെപിയുടെ പിന്തുണയോടെ ഏകനാഥ് ഷിന്‍ഡെയെ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിച്ച ഗവര്‍ണറുടെ നടപടിയും തെറ്റെന്നു പറയാനാവില്ലെന്ന് ഏകകണ്ഠമായ വിധിയില്‍ അഞ്ചംഗ ബെഞ്ച് പറഞ്ഞു. 

ഷിന്‍ഡെ വിഭാഗത്തില്‍നിന്നുള്ളയാളെ വിപ് ആയി നിയമിച്ച സ്പീക്കറുടെ നടപടി നിയമിവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി. ഏകനാഥ് ഷിന്‍ഡെ വിഭാഗത്തിലെ ഭരത് ഗോഗവാലയെ വിപ് ആയി നിയമിച്ച സ്പീക്കറുടെ നടപടി നിയമ വിരുദ്ധമാണ്. രാഷ്ട്രീയ പാര്‍ട്ടി നിര്‍ദേശിച്ചയാളെയേ സ്പീക്കര്‍ക്കു വിപ് ആയി നിയമിക്കാനാവുവെന്ന് കോടതി പറഞ്ഞു. സുനില്‍ പ്രഭു, ഭരത് ഗോഗവാലെ എന്നിവരില്‍ പാര്‍ട്ടി നോമിനി ആരാണെന്നു പരിശോധിക്കാന്‍ സ്പീക്കര്‍ ശ്രമിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സ്പീക്കറുടെ അധികാരങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങളുള്ള നബാംറബിയ വിധി വിശാല ബെഞ്ച് പുനപ്പരിശോധിക്കണമെന്ന് ഭരണഘടനാ ബെഞ്ച് നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസിനെക്കൂടാതെ ജസ്റ്റിസുമാരായ എംആര്‍ ഷാ, കൃഷ്ണ മുരാരി, ഹിമ കോലി, പിഎസ് നരസിംഹ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. ഫെബ്രുവരി 14 മുതല്‍ മാര്‍ച്ച് 16 വരെയാണ് കേസില്‍ വാദം കേട്ടത്. 

ഇരുപക്ഷത്തെയും സേനകളില്‍നിന്നുള്ളവര്‍ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ച് പരിഗണിച്ചത്. കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നു നിര്‍ദേശിച്ച് അന്നത്തെ ഡെപ്യൂട്ടി സ്പീക്കര്‍ നല്‍കിയ നോട്ടീസിനെ ചോദ്യം ചെയ്ത് ഏകനാഥ് ഷിന്‍ഡെയാണ് ആദ്യ ഹര്‍ജി നല്‍കിയത്. വിശ്വാസവോട്ടു തേടാന്‍ നിര്‍ദേശിച്ച ഗവര്‍ണറുടെ തീരുമാനത്തെ ചോദ്യം ചെയ്ത് താക്കറെ വിഭാഗവും കോടതിയില്‍ എത്തി. ബിജെപി പിന്തുണയോടെ ഏകനാഥ് ഷിന്‍ഡെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്തതിനെ ചോദ്യം ചെയ്തും സ്പീക്കര്‍ തെരഞ്ഞെടുപ്പിനെതിരെയും താക്കറെ വിഭാഗം ഹര്‍ജികള്‍ നല്‍കി.

2022 ഓഗസ്റ്റില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കു വിട്ടു. സുപ്രധാന നിയമ പ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 

ഉദ്ധവ് താക്കറെ വിഭാഗത്തിനു വേണ്ടി സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, മനു സിംഗ്വി, ദേവദത്ത കാമത്ത് തുടങ്ങിയവരാണ് ഹാജരായത്. സീനിയര്‍ അഭിഭാഷകരായ നീരജ് കിഷന്‍ കൗള്‍, ഹരീഷ് സാല്‍വെ, മഹേഷ് ജത് മലാനി, മനീന്ദര്‍ സിങ് എന്നിവര്‍ ഷിന്‍ഡെ വിഭാഗത്തിനു വേണ്ടി വാദിച്ചു. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് മഹാരാഷ്ട്രാ ഗവര്‍ണര്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com