മുഖ്യമന്ത്രി സ്ഥാനത്തിന് ചരടുവലിച്ച് ശിവകുമാറും സിദ്ധരാമയ്യയും; ഇരുവര്‍ക്കും വേണ്ടി പോസ്റ്ററുകള്‍; മൂന്നു നിരീക്ഷകര്‍ ബംഗലൂരുവിലേക്ക്

നിയമസഭ കക്ഷിയോഗത്തില്‍ തര്‍ക്കം നീണ്ടുനിന്നാല്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡിന് വിട്ട് പ്രമേയം പാസ്സാക്കിയേക്കും
ശിവകുമാറും സിദ്ധരാമയ്യയും/ പിടിഐ
ശിവകുമാറും സിദ്ധരാമയ്യയും/ പിടിഐ

ബംഗലൂരു: നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്വല വിജയം നേടിയ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുനീക്കങ്ങള്‍ തുടരുന്നു. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡി കെ ശിവകുമാര്‍ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ളത്. വൈകീട്ട് 5.30 ന് കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം ചേരാനിരിക്കെ ഇരു നേതാക്കളെയും അനുകൂലിക്കുന്നവര്‍ സമ്മര്‍ദ്ദം ശക്തമാക്കുകയാണ്. 

മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യെ മുഖ്യമന്ത്രി ആകണമെന്ന ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. അതേസമയം തെരഞ്ഞെടുപ്പ് വിജയത്തിന് ചുക്കാന്‍ പിടിച്ച ഡി കെ ശിവകുമാര്‍ മുഖ്യമന്ത്രിയാകണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിക്കു മുന്നിലും ഫ്ളക്സ് ബോര്‍ഡ് ഉയര്‍ന്നിട്ടുണ്ട്. 

ഇരുവരുടെയും അനുകൂലികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതിന്റെ പിന്നിലെന്നാണ് നിഗമനം. മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗത്തില്‍ പങ്കെടുക്കാന്‍ മൂന്നു കേന്ദ്രനിരീക്ഷകരെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. സുശീല്‍ കുമാര്‍ ഷിന്‍ഡെ, ജിതേന്ദ്ര സിങ്, ദീപക് ബാബരിയ എന്നിവരാണ് കേന്ദ്ര നിരീക്ഷകര്‍. ഇവര്‍ ഇന്നും വൈകീട്ട് ബംഗലൂരുവിലെത്തും. 

ശിവകുമാറിനും സിദ്ധരാമയ്യക്കും അനുകൂലമായി പോസ്റ്ററുകൾ
ശിവകുമാറിനും സിദ്ധരാമയ്യക്കും അനുകൂലമായി പോസ്റ്ററുകൾ

നിയമസഭ കക്ഷിയോഗത്തില്‍ തര്‍ക്കം നീണ്ടുനിന്നാല്‍ മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡിന് വിട്ട് പ്രമേയം പാസ്സാക്കിയേക്കും. എംഎല്‍എമാരുടെ എണ്ണത്തില്‍ സിദ്ധരാമയ്യയ്ക്കാണ് മുന്‍തൂക്കമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിക്കുന്ന ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാന്‍ കേന്ദ്രനേതൃത്വം ശ്രമം നടത്തുന്നുണ്ട്. ഉപമുഖ്യമന്ത്രി പദവിയാണ് വാഗ്ദാനം ചെയ്യുന്നത്. 

അദ്ദേഹം ആവശ്യപ്പെടുന്ന വകുപ്പും നല്‍കിയേക്കും. കൂടാതെ കെപിസിസി അധ്യക്ഷപദത്തിലും ശിവകുമാര്‍ തുടര്‍ന്നേക്കും. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ സ്വത്തുക്കളാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. 224 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് 135 സീറ്റാണ് ലഭിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com