സമവായ ഫോര്‍മുല മുന്നോട്ടുവെച്ച് സിദ്ധരാമയ്യ; നിര്‍ദേശം തള്ളി ശിവകുമാര്‍; ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍

സിദ്ധരാമയ്യയേയും ഡി കെ ശിവകുമാറിനെയും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്
ശിവകുമാർ, മല്ലികാർജുൻ ഖാർ​ഗെ, സിദ്ധരാമയ്യ/ പിടിഐ
ശിവകുമാർ, മല്ലികാർജുൻ ഖാർ​ഗെ, സിദ്ധരാമയ്യ/ പിടിഐ

ബംഗലൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോരു മുറുകുന്നതിനിടെ, സമവായ ഫോര്‍മുല മുന്നോട്ടുവെച്ച് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ. ആദ്യത്തെ രണ്ടു വര്‍ഷം താനും ശേഷിക്കുന്ന കാലയളവില്‍ ഡി കെ ശിവകുമാറും മുഖ്യമന്ത്രിസ്ഥാനം പങ്കിടുക എന്ന നിര്‍ദേശമാണ് സിദ്ധരാമയ്യ എഐസിസി നേതൃത്വത്തിന് മുന്നില്‍ വെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ ഈ നിര്‍ദേശം ശിവകുമാര്‍ തള്ളി. പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസ്സാക്കിയിട്ടുണ്ട്. അതനുസരിച്ച് ഹൈക്കമാന്‍ഡ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കണമെന്നാണ് ഡി കെ ശിവകുമാര്‍ ആവശ്യപ്പെടുന്നത്. സോണിയാഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ശിവകുമാറിനെ പിന്തുണയ്ക്കുന്നുവെന്നാണ് സൂചന. 

അതേസമയം സമവായ ഫോര്‍മുല അംഗീകരിച്ചില്ലെങ്കില്‍, മുഖ്യമന്ത്രി സ്ഥാനത്തില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് സിദ്ധരാമയ്യ ക്യാംപിന്റെ നിലപാട്. എംഎല്‍എമാരുടെ നിലപാട് എന്താണോ അതനുസരിച്ച് തീരുമാനം എടുക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെടും. എംഎല്‍എമാരില്‍ 70 ശതമാനത്തിന്റെ പിന്തുണ സിദ്ധരാമയ്യയ്ക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

സിദ്ധരാമയ്യയേയും ഡി കെ ശിവകുമാറിനെയും കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം ഡല്‍ഹിയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്. ഉച്ചയോടെ ഇരുവരും ഡല്‍ഹിക്കു പോകുമെന്നാണ് വിവരം. അതിനിടെ നിരീക്ഷകര്‍ താമസിക്കുന്ന ഹോട്ടലില്‍ രാവിലെ ഡി കെ ശിവകുമാര്‍ എത്തി. നിരീക്ഷകരുമായി അവസാനവട്ട കൂടിക്കാഴ്ച നടത്താനാണ് ഡികെയുടെ നീക്കം. 

കെ സി വേണുഗോപാലും എഐസിസി നിരീക്ഷകരും ഉച്ചയോടെ ഡല്‍ഹിയിലെത്തും. നിരീക്ഷകര്‍ പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി നേരിട്ട് റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് ഖാര്‍ഗെയും സോണിയ അടക്കമുള്ള മുതിര്‍ന്ന നേതാക്കളും ശിവകുമാര്‍, സിദ്ധരാമയ്യ എന്നിവരുമായി ചര്‍ച്ച നടത്തും. 

ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് ശേഷം സമവായമായാല്‍ ഇന്നു തന്നെ നേതാവിനെ പ്രഖ്യാപിക്കും. അതല്ലെങ്കില്‍ നാളെ രാവിലെയോടെ പ്രഖ്യാപനം നടത്താനാണ് ആലോചന. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് നീണ്ടുപോകില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും വ്യക്തമാക്കിയിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com