സിദ്ധരാമയ്യ നയിക്കും; ഡികെ ഏക ഉപമുഖ്യമന്ത്രി; ലോക്‌സഭ തെരഞ്ഞെടുപ്പു വരെ പിസിസി അധ്യക്ഷന്‍; ഔദ്യോഗികമായി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു വരെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായും തുടരുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു
സിദ്ധരാമയ്യ, ശിവകുമാർ, കെസി വേണു​ഗോപാൽ/ പിടിഐ
സിദ്ധരാമയ്യ, ശിവകുമാർ, കെസി വേണു​ഗോപാൽ/ പിടിഐ

ന്യൂഡല്‍ഹി; ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും. ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രി ആകുമെന്നും സംഘടനാ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.  

ഡികെ ശിവകുമാര്‍ മാത്രമായിരിക്കും ഉപമുഖ്യമന്ത്രി. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പു വരെ ശിവകുമാര്‍ കര്‍ണാടക പിസിസി അധ്യക്ഷനായും തുടരുമെന്ന് കെസി വേണുഗോപാല്‍ അറിയിച്ചു. ബംഗലൂരുവില്‍ ശനിയാഴ്ച ഉച്ചയ്ക്ക് സത്യപ്രതിജ്ഞ നടക്കുമെന്നും വേണുഗോപാല്‍ അറിയിച്ചു. 

ടേം വ്യവസ്ഥയില്ലെന്നും വേണുഗോപാല്‍ പറഞ്ഞു. സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം പ്രവര്‍ത്തിച്ചു. ഡി കെ ശിവകുമാര്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ വലിയ മുതല്‍ക്കൂട്ടാണ്. താഴേത്തട്ടുമുതല്‍ പ്രവര്‍ത്തിച്ചു വന്ന നേതാവാണ്. 

കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് തുടങ്ങിയവയിലൂടെ പ്രവര്‍ത്തിച്ചു വന്ന നേതാവാണ്. സിദ്ധരാമയ്യയും ശിവകുമാറും മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിച്ചിട്ടുണ്ട്. അതിലെന്താണ് തെറ്റ്. അവര്‍ക്ക് അതിന് യോഗ്യതയുണ്ട്. പാര്‍ട്ടി അന്തിമ തീരുമാനം എടുത്തപ്പോള്‍ ശിവകുമാര്‍ അതിനോട് യോജിച്ചുവെന്നും വേണുഗോപാല്‍ പറഞ്ഞു. 

കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണെന്നും അതുകൊണ്ടുതന്നെ എല്ലാവരുടേയും അഭിപ്രായങ്ങള്‍ വിശദമായി കേട്ടതുകൊണ്ടാണ് കര്‍ണാടകയിലെ സര്‍ക്കാര്‍ രൂപീകരണത്തിന് സമയമെടുത്തതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സമാനമനസ്കരായ എല്ലാ പ്രതിപക്ഷ പാർട്ടി നേതാക്കളെയും ക്ഷണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. മുഖ്യമന്ത്രിയിൽ തീരുമാനമെടുത്തതോടെ, പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും സിദ്ധരാമയ്യയുടെ വീടിനു മുന്നിൽ ആഘോഷിക്കുകയാണ് പ്രവർത്തകർ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com