ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികളോട് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ നാളെ വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഓര്‍മ്മപ്പെടുത്തല്‍. 2023 സെപ്തംബര്‍ 30 വരെ ഇലക്ടറല്‍ ബോണ്ട് സ്‌കീം വഴി പാര്‍ട്ടികള്‍ സ്വീകരിച്ച സംഭാവനകളുടെ പുതുക്കിയ വിവരങ്ങള്‍ ഹാജരാക്കാനും വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ സമര്‍പ്പിക്കാനും കമ്മിഷനോട് സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഈ നിര്‍ദ്ദേശം.
നവംബര്‍ 3 ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഇടക്കാല ഉത്തരവില്‍ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ടുകള്‍ വഴി ലഭിച്ച സംഭാവനകളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു. ഇലക്ടറല്‍ ബോണ്ട് പദ്ധതിയിലെ ഭരണഘടനാപരമായ വെല്ലുവിളിയില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് പുതുക്കിയ വിവരങ്ങള്‍ ഹാജരാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് സുപ്രീംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചത്. മൂന്ന് ദിവസത്തെ വാദം കേള്‍ക്കലിന് ശേഷം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്.
2019 ഏപ്രിലിലും സുപ്രീം കോടതി സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച ഇലക്ടറല്‍ ബോണ്ടുകളുടെ വിശദാംശങ്ങള്‍ മുദ്രവച്ച കവറില്‍ നല്‍കണമെന്നാണ് കോടതി ആവശ്യപ്പെട്ടത്. എന്നാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡാറ്റ മാത്രമാണ് ഇസി സമര്‍പ്പിച്ചതെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുതുക്കിയ വിവരങ്ങള്‍ നല്‍കാത്തതില്‍ സുപ്രീം കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ