നേപ്പാളില്‍ ഒരു മണിക്കൂറിനിടെ നാലു ഭൂചലനങ്ങള്‍; വിറച്ച് ഉത്തരേന്ത്യ

ഭൂചലനമുണ്ടായതോടെ ഡല്‍ഹിയിലെയും ദേശീയ തലസ്ഥാന പ്രദേശത്തെയും ആളുകള്‍ കെട്ടിടങ്ങളില്‍നിന്ന് ഓടിയിറങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നേപ്പാളിലുണ്ടായ ശക്തമായ ഭൂചലനത്തിന്റെ പ്രകമ്പനത്തില്‍ വിറച്ച് ഉത്തരേന്ത്യ. റിക്ടര്‍ സ്‌കെയിലില്‍ 6.2 വരെ തീവ്രത രേഖപ്പെടുത്തിയ ശക്തമായ നാലു ഭൂചലനങ്ങളാണ് ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം ഒരു മണിക്കൂറിനിടെ നേപ്പാളിലുണ്ടായത്. നാശനഷ്ടത്തിന്റെ വിവരങ്ങള്‍ വ്യക്തമല്ല.

ഉച്ചയ്ക്ക് 2.25നായിരുന്നു ആദ്യ ഭൂചലനം. ഇത് റിക്ടര്‍ സ്‌കെയിലില്‍ 4.6 തീവ്രത രേഖപ്പെടുത്തിയെന്ന് നാഷനല്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. ഇതിനു പിന്നാലെ 2.51ന് 6.2 രേഖപ്പെടുത്തിയ വലിയ ചലനമുണ്ടായി. 3.6, 3.1 തീവ്രത രേഖപ്പെടുത്തിയ രണ്ടു തുടര്‍ ചലനങ്ങള്‍ കൂടി 3.06നും 3.19നും ഉണ്ടായി. 

ഉത്തരാഖണ്ഡിലെ ജോഷിമഠില്‍നിന്ന് 206 കിലോമീറ്റര്‍ തെക്കു കിഴക്കായും ഉത്തര്‍പ്രദേശിലെ ലക്‌നൗവില്‍ നിന്ന് 284 കിലോമീറ്റര്‍ വടക്കായും നേപ്പാളിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. ഭൂമിക്കടിയില്‍ പത്തു കിലോമീറ്റര്‍ ആഴത്തിലായിരുന്നു ആദ്യ ചലനം. 

ഭൂചലനമുണ്ടായതോടെ ഡല്‍ഹിയിലെയും ദേശീയ തലസ്ഥാന പ്രദേശത്തെയും ആളുകള്‍ കെട്ടിടങ്ങളില്‍നിന്ന് ഓടിയിറങ്ങി. പരിഭ്രാന്തരാവരുതെന്നും അടിയന്തര സാഹചര്യമുണ്ടായാല്‍ സഹായത്തിനായി വിളിക്കാനും ഡല്‍ഹി പൊലീസ് ജനങ്ങളോട് സാമൂഹ്യ മാധ്യമത്തിലൂടെ ആവശ്യപ്പെട്ടു. 

ചണ്ഡിഗഢ്, ജയ്പുര്‍ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com