'ചുറ്റും ബോംബ് സ്ഫോടനങ്ങൾ,  എംബസിയിലേക്ക് രണ്ട് കിലോമീറ്റർ ദൂരം, ഞങ്ങൾ നിർത്താതെ പ്രാർഥിച്ചു'; നടി നുസ്രത്ത് ബറൂച്ച

ഹോട്ടലിൽ നിന്ന് ഇന്ത്യൻ എംബസിയിലേക്ക് വെറും രണ്ട് കിലോമീറ്റർ ദൂരമേയുളളൂ എന്നാൽ അവിടോട്ടുള്ള എത്തിപ്പെടൽ അസാധ്യമായിരുന്നു
നുസ്രത്ത് ബറൂച്ച / ഇൻസ്റ്റ​ഗ്രാം, ഇസ്രയേലിനെ ഹമാസ്  ആക്രമിച്ചപ്പോൾ/ ഫയൽ ചിത്രം
നുസ്രത്ത് ബറൂച്ച / ഇൻസ്റ്റ​ഗ്രാം, ഇസ്രയേലിനെ ഹമാസ് ആക്രമിച്ചപ്പോൾ/ ഫയൽ ചിത്രം

മുംബൈ: ഹമാസിന്റെ മിന്നലാക്രമണത്തിന് പിന്നാലെ ഇസ്രയേലിൽ നേരിടേണ്ടി വന്ന ഭീകരാനുഭവങ്ങൾ പങ്കുവെച്ച് ബോളിവുഡ് നടി നുസ്രത്ത് ബറൂച്ച. ഹൈഫി ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ ഇസ്രയേലിൽ എത്തിയതായിരുന്നു താരം. ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ താരം ഇസ്രയേലിൽ കുടുങ്ങി പോവുകയായിരുന്നു. 
നിരവധി ആളുകളുടെ പരിശ്രമത്തിനെ തുടർന്നാണ് നുസ്രത്ത് നാട്ടിൽ എത്തിയത്. 

'ഹൈഫ ചലച്ചിത്ര മേളയിൽ അകേലി എന്ന എന്റെ സിനിമ പ്രദർശിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇസ്രയേൽ സന്ദർശനം. സിനിമാ പ്രദർശനത്തിനു ശേഷം പിറ്റേന്ന് നാട്ടിലേക്കു മടങ്ങാനായിരുന്നു തീരുമാനം. എന്നാൽ തലേന്നു വൈകിട്ടത്തെ ആഘോഷം പോലെയായിരുന്നില്ല രാവിലെ അനുഭവപ്പെട്ടത്. ബോംബ് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടാണ് ഞങ്ങൾ ഉണർന്നത്. ചുറ്റിലും അപായ സൈറനുകൾ മുഴങ്ങിയതോടെ എല്ലാവരും ഹോട്ടലിന്റെ ബേസ്മെന്റിലെ ഷെൽട്ടറിൽ അഭയം തേടി. എന്താണ് നടക്കുന്നതെന്ന് അപ്പോഴും മനസിലായില്ല.

പിന്നീടാണ് ഇസ്രയേൽ അക്രമിക്കപ്പെട്ടുവെന്ന് ബോധ്യമായത്. ഇതിനിടെ എയർ ഇന്ത്യ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. എന്തു ചെയ്യുമെന്ന് അറിയാതെ കുഴഞ്ഞു. ഹോട്ടലിൽ നിന്ന് ഇന്ത്യൻ എംബസിയിലേക്ക് വെറും രണ്ട് കിലോമീറ്റർ ദൂരമേയുളളൂ. എന്നാൽ അവിടെ വരെ എത്താൻ കഴിയാത്ത സാഹചര്യമായിരുന്നു പുറത്ത്. ചുറ്റും സ്ഫോടന ശബ്ദങ്ങൾ തുടർച്ചയായി മുഴങ്ങി. വാഹനങ്ങളിൽ വന്ന് തെരുവിലെല്ലാം വെടിയുതിർക്കുന്നതും കേൾക്കാമായിരുന്നു. ഞങ്ങളുടെ ഫോണിലെ ചാർജ് തീരുന്നതിനൊപ്പം റേ‍ഞ്ചും കിട്ടാതെയായി.

ടെൽ അവീവിലെ ഹോട്ടലിൽ നിന്നു പുറത്തുകടക്കാൻ വളരെയേറെ പ്രയാസപ്പെട്ടു. മുഴുവൻ സമയവും പ്രാർഥിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ പരസ്പരം ആശ്വസിപ്പിച്ച് ധൈര്യം പകർന്നു. ഇസ്രയേലികളായ സഹതാരങ്ങൾ, ഇന്ത്യയുടെയും ‌ഇസ്രയേലിന്റെയും എംബസികൾ, ടാക്സി ഡ്രൈവർ എന്നിങ്ങനെ പലരുടെയും സഹായത്തോടെ ഞങ്ങൾ ബെൻ ഗുരിയോൻ വിമാനത്താവളത്തിലെത്തി. അവിടെ നിന്നും കണക്ഷൻ വിമാനത്തിലാണ് ഇന്ത്യയിലെത്തിയത്. ഇപ്പോൾ പ്രിയപ്പെട്ടവർക്കും കുടുംബത്തിനുമൊപ്പം വീട്ടിൽ സുരക്ഷിതയായി ഇരിക്കുന്നു'.- നുസ്രത്ത് 
വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

രക്ഷപ്പെടാൻ സഹായിച്ച എല്ലാവരും നന്ദി അറിയിക്കുന്നുവെന്നും കേന്ദ്ര സർക്കാരിന്റെയും എംബസികളുടെയും മാർഗനിർദേശങ്ങൾ ഇല്ലെങ്കിൽ മടങ്ങിയെത്താൻ സാധിക്കില്ലായിരുന്നുവെന്നും നുസ്രത്ത് കൂട്ടിച്ചേർത്തു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com