ന്യൂഡല്‍ഹി: ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന്, കൊല്‍ക്കത്തയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചുള്ള സമരം പിന്‍വലിച്ച് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍. 11 ദിവസം നീണ്ട സമരമാണ് ഡോക്ടര്‍മാര്‍ പിന്‍വലിച്ചത്. തിരികെ ജോലിയില്‍ പ്രവേശിക്കുമെന്ന് റസിഡന്റ് ഡോക്ടര്‍ അസോസിയേഷന്‍ അറിയിച്ചു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സുപ്രീംകോടതി നല്‍കിയ ഉറപ്പ് വിശ്വാസത്തിലെടുക്കുന്നു. രാജ്യത്തിന്റെയും പൊതു ജനങ്ങളുടേയും താല്‍പ്പര്യങ്ങളും പരിഗണിച്ചാണ് സമരത്തില്‍ നിന്നും പിന്‍വാങ്ങുന്നത്. ആര്‍ കര്‍ മെഡിക്കല്‍ കോളജിലെ സംഭവത്തിലും, രാജ്യത്താകെ ആരോഗ്യപ്രവര്‍ത്തകര്‍ നേരിടുന്ന ഭീഷണിയും സംബന്ധിച്ച വിഷയത്തില്‍ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി നടപടിയെ അഭിനന്ദിക്കുന്നു. സമരം ചെയ്തതിന്റെ പേരില്‍ ഡോക്ടര്‍മാര്‍ക്കെതിരെ പ്രതികാര നടപടി എടുക്കാന്‍ പാടില്ലെന്നും ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി എയിംസ് വക്താവ് ഡോ റിമ ദാദ പറഞ്ഞു. റസിഡന്റ് ഡോക്ടര്‍മാരുമായും സ്റ്റുഡന്റ്സ് യൂണിയനുമായും പ്രതിദിന യോഗങ്ങള്‍ ചേരും. അവരുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കുന്നതിന് അക്കാദമിക് ഡീനിന്റെ നേതൃത്വത്തില്‍ 4 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ആഭ്യന്തര സുരക്ഷാ ഓഡിറ്റിനായി 15 അംഗ സമിതിയും രൂപീകരിച്ചിട്ടുണ്ടെന്ന് ഡോ. റിമ ദാദ അറിയിച്ചു.
എയിംസില്‍ മാത്രമല്ല, എയിംസിന്റെ ഔട്ട്‌റീച്ച് ക്യാംപസുകള്‍, കാന്‍സര്‍ സെന്റര്‍, ഡി- അഡിക്ഷന്‍ സെന്റര്‍ തുടങ്ങിയ മറ്റ് ആരോഗ്യസ്ഥാപനങ്ങളിലും രാത്രിയും രാവിലെയും പരിശോധനകള്‍ ശക്തമാക്കും. ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും സുരക്ഷ ഉറപ്പാക്കുന്നതിന് മുന്‍ഗണന നല്‍കും. ഡ്യൂട്ടി ഡോക്ടര്‍മാരുടെ മുറികളില്‍ സുരക്ഷാ ജീവനക്കാരെ നിയോഗിക്കുമെന്നും ഡോ. റിമ ദാദ വ്യക്തമാക്കി.
സുപ്രീംകോടതി നിര്‍ദേശം പരിഗണിച്ച് സമരം പിന്‍വലിക്കുന്നതായി ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രി ഡോക്ടര്‍മാരും അറിയിച്ചു. നാളെ രാവിലെ എട്ടു മണി മുതല്‍ എല്ലാ സേവനങ്ങളും പൂര്‍ണമായി ആരംഭിക്കുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ സമരം മൂലം സാധാരണക്കാര്‍ വലയുകയാണെന്നും, അതിനാല്‍ ഡോക്ടര്‍മാര്‍ സമരം നിര്‍ത്തി തിരികെ ജോലിയില്‍ കയറണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ