ഫിന്‍ജാല്‍ ദുരന്തം: 2000 കോടി അടിയന്തര സഹായം വേണമെന്ന് സ്റ്റാലിന്‍, ഫോണില്‍ വിളിച്ച് ഉറപ്പു നല്‍കി മോദി

അടിയന്തര സഹായമായി എന്‍ഡിആര്‍എഫില്‍ നിന്നും 2000 കോടി അനുവദിക്കണമെന്നാണ് തമിഴ്‌നാട് ആവശ്യപ്പെട്ടിട്ടുള്ളത്
tamilnadu floods
സ്റ്റാലിനും നരേന്ദ്രമോദിയും ഫയൽ
Updated on

ന്യൂഡല്‍ഹി: ഫിന്‍ജാല്‍ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാടിന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണില്‍ വിളിച്ചാണ് സഹായം ഉറപ്പു നല്‍കിയത്. സംസ്ഥാനത്തെ സ്ഥിതിഗതികളും പ്രധാനമന്ത്രി സ്റ്റാലിനോട് ചോദിച്ചു മനസ്സിലാക്കി. അടിയന്തര സഹായമായി എന്‍ഡിആര്‍എഫില്‍ നിന്നും 2000 കോടി അനുവദിക്കണമെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെ അടിയന്തര ദുരിതാശ്വാസ നടപടികള്‍ക്കും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് ധനസഹായം ആവശ്യപ്പെട്ടത്. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത നാശനഷ്ടമാണുണ്ടായത്. പ്രാഥമിക വിലയിരുത്തല്‍ പ്രകാരം താത്കാലിക പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 2,475 കോടി രൂപ ആവശ്യമാണെന്ന് സ്റ്റാലിന്‍ പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ പറഞ്ഞു. നാശനഷ്ടങ്ങളുടെ സമഗ്രമായ വിലയിരുത്തല്‍ നടത്തുന്നതിന് എത്രയും വേഗം കേന്ദ്ര സംഘത്തെ നിയോഗിക്കണമെന്നും അദ്ദേഹം മോദിയോട് അഭ്യര്‍ത്ഥിച്ചു.

ദുരിതബാധിത ജില്ലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍, കൃഷി, ഉപജീവനമാര്‍ഗങ്ങള്‍ എന്നിവയില്‍ കനത്ത പ്രത്യാഘാതങ്ങളാണ് ഉണ്ടായത്. അവ പരിഹരിക്കുന്നതിന് കൂടുതല്‍ സാമ്പത്തിക സഹായം ആവശ്യമാണ്. ഈ പ്രതിസന്ധി മറികടക്കാനും വേഗത്തില്‍ സാധാരണ നില പുനഃസ്ഥാപിക്കാനും കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്ന ഉറച്ച പ്രതീക്ഷയാണുള്ളതെന്നും കത്തില്‍ സ്റ്റാലിന്‍ സൂചിപ്പിക്കുന്നു. കനത്തമഴയെത്തുടര്‍ന്ന് വില്ലുപുരം ഗ്രാമത്തിലെ ഭൂരിഭാഗം പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. തിരുവണ്ണാമലൈയില്‍ മണ്ണിടിഞ്ഞ് ഒരു കുടുംബത്തിലെ 5 കുട്ടികള്‍ അടക്കം ഏഴുപേര്‍ മരിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com