ബംഗളൂരുവിനെ ഐടി നഗരമാക്കിയ നേതാവ്, യുപിഎ സര്‍ക്കാരില്‍ വിദേശകാര്യമന്ത്രി; മികച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍

ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന എസ് എം കൃഷ്ണ, ബംഗളൂരുവിനെ ഐടി നഗരമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവാണ്
S M KRISHNA
എസ് എം കൃഷ്ണഫയൽ
Updated on
1 min read

ബംഗളൂരു: ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരുടെ മന്ത്രിസഭയില്‍ അംഗമായിരുന്ന എസ് എം കൃഷ്ണ, ബംഗളൂരുവിനെ ഐടി നഗരമാക്കി മാറ്റുന്നതില്‍ വലിയ പങ്കുവഹിച്ച നേതാവാണ്. ഒരു കാലത്ത് കോണ്‍ഗ്രസിലെ തലയെടുപ്പുള്ള നേതാക്കളില്‍ ഒരാളായിരുന്ന എസ് എം കൃഷ്ണയെ മികച്ച രാഷ്ട്രീയ തന്ത്രജ്ഞന്‍ ആയാണ് വിശേഷിപ്പിക്കുന്നത്. ഇന്ദിരാഗാന്ധിയുമായും രാജീവ്ഗാന്ധിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചുരുക്കം ചില നേതാക്കളില്‍ ഒരാളായിരുന്നു എസ് എം കൃഷ്ണ.

1962ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് സ്വതന്ത്രനായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് കൃഷ്ണയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം.1967ല്‍ പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി ടിക്കറ്റില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കര്‍ണാടകയില്‍ നിന്നുള്ള മുതിര്‍ന്ന മുന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവായിരുന്ന സോമനഹള്ളി മല്ലയ്യ കൃഷ്ണ എന്ന എസ് എം കൃഷ്ണ, 1999- 2004 കാലഘട്ടത്തിലാണ് കര്‍ണാടക മുഖ്യമന്ത്രി പദവി വഹിച്ചത്. വൈദ്യുതി മേഖലയില്‍ പരിഷ്‌കരണങ്ങള്‍ കൊണ്ടുവരികയും ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യുകയും ചെയ്തത് അടക്കം നിരവധി പൗര സൗഹൃദ നടപടികളില്‍ അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പൊതു- സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിച്ച അദ്ദേഹം ബംഗളൂരുവിനെ ഐടി നഗരമാക്കി മാറ്റുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്.

മൂന്നു തവണ ലോക്‌സഭാംഗം , രണ്ട് തവണ രാജ്യസഭാംഗം എന്നി നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.മഹാരാഷ്ട്ര ഗവര്‍ണറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.1980 മുതല്‍ 1984 വരെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയായിരുന്ന കൃഷ്ണ 1984ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1989ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് നിയമസഭയിലെത്തിയ കൃഷ്ണ 1989 മുതല്‍ 1993 വരെ നിയമസഭ സ്പീക്കറും 1993-1994 കാലഘട്ടത്തില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചു. 1992ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെട്ടെങ്കിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ വീരപ്പ മൊയ്‌ലിയാണ് മുഖ്യമന്ത്രിയായത്.

1994ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മദ്ദൂരില്‍ നിന്ന് വീണ്ടും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1996 മുതല്‍ 1999 വരെ രാജ്യസഭാംഗമായിരുന്ന കൃഷ്ണ 1999 മുതല്‍ 2000 വരെ കര്‍ണാടക പിസിസി പ്രസിഡന്റായിരുന്നു. 1999ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഭൂരിപക്ഷം കിട്ടിയതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 1999-ല്‍ രാജ്യസഭാംഗത്വം രാജിവച്ച് മദ്ദൂര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി.

2004ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ചാമരാജ്‌പേട്ട മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി എങ്കിലും 2004ല്‍ മഹാരാഷ്ട്ര ഗവര്‍ണറായി നിയമിക്കപ്പെട്ടതോടെ നിയമസഭാംഗത്വം രാജിവച്ചു.2008ല്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തിയ കൃഷ്ണ 2008 മുതല്‍ 2014 വരെ രാജ്യസഭാംഗമായും 2009 മുതല്‍ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. 2017 ജനുവരി 30ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ നിന്ന് രാജിവച്ചു കോണ്‍ഗ്രസ് വിട്ടു. 2017 മാര്‍ച്ച് 22ന് ബിജെപിയില്‍ ചേര്‍ന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com