ബെംഗലൂരു: ടെക്കി യുവാവ് അതുല്‍ സുഭാഷ് ജീവനൊടുക്കിയ കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി കര്‍ണാടക പൊലീസ്. അതുലിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങള്‍ക്കും കര്‍ണാടക പൊലീസ് സമന്‍സ് അയച്ചു. പ്രതികള്‍ക്ക് ബെംഗലൂരുവിലെ മാറത്തഹള്ളി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ മൂന്ന് ദിവസത്തെ സമയം നല്‍കി.
അതുലിന്റെ സഹോദരന്‍ ബികാസ് കുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബംഗലൂരു പൊലീസ് സംഘം അതുല്‍ സുഭാഷിന്റെ ഭാര്യയുടെ നാടായ ഉത്തര്‍പ്രദേശിലെ ജൗന്‍പൂരില്‍ എത്തി സമന്‍സ് കൈമാറിയത്. ഒരു വനിതാ ഉദ്യോഗസ്ഥ ഉള്‍പ്പടെയുള്ള നാലംഗ സംഘമാണ് ജൗന്‍പൂരില്‍ എത്തിയത്.
ഭാര്യ നികിത സിംഘാനിയ, അമ്മ നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ, അമ്മാവന്‍ സുശീല്‍ സിംഘാനിയ എന്നിവക്കാണ് ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്. വസ്തുതകളും സാഹചര്യങ്ങളും പരിശോധിക്കുമ്പോള്‍ നിങ്ങളെ ചോദ്യം ചെയ്യാന്‍ മതിയായ കാരണങ്ങളുണ്ട്. മൂന്ന് ദിവസത്തിനകം ബെംഗലൂരുവിലെ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാനാണ് നോട്ടീസിലെ നിര്‍ദേശം.
ബെംഗലൂരുവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു 34 കാരനായ അതുല്‍ സുഭാഷ്. 24 പേജുള്ള കത്തെഴുതി വച്ച ശേഷമായിരുന്നു യുവാവിന്റെ ആത്മഹത്യ. വ്യാജ സ്ത്രീധന പീഡന ആരോപണം ഉന്നയിച്ച് മൂന്ന് കോടി രൂപ ഭാര്യയുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഭാര്യ പിതാവിന്റെ മരണത്തിന് കാരണം അതുലാണെന്ന് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. ഇത് പിന്നീട് വ്യാജ പരാതിയാണെന്ന് കണ്ടെത്തി. ബെംഗലൂരുവിലെ മഞ്ജുനാഥേ ലേ ഔട്ടിലെ വീടിനുള്ളില്‍ തിങ്കളാഴ്ചയാണ് അതുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കുന്നതിന് മുന്‍പായി 80 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയും യുവാവ് ചെയ്തിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക