ന്യൂഡല്‍ഹി: ലോക്സഭയിലെ ഭരണഘടനാ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി എംപി. മോദിയുടെ പ്രസംഗം ബോറടിപ്പിച്ചുവെന്നും ഒരു ദിവസം രണ്ട് കണക്ക് ക്ലാസിലിരുന്ന അവസ്ഥയാണ് സമ്മാനിച്ചതെന്നും പ്രിയങ്ക പരിഹസിച്ചു. അമിത് ഷായ്ക്കും ജെ.പി നദ്ദയ്ക്കും ബോറടിച്ചതായി അവരുടെ ശരീരഭാഷ വ്യക്തമാക്കിയെന്നും പ്രിയങ്ക പറഞ്ഞു.
പുതിയതോ ക്രിയാത്മകോ ആയതൊന്നും പറഞ്ഞില്ല. നദ്ദ ജി കൈകള്‍ കൂട്ടിത്തിരുമ്മുകയായിരുന്നു. മോദി അദ്ദേഹത്തെ നോക്കിയ ഉടനെ, അദ്ദേഹം ശ്രദ്ധയോടെ കേള്‍ക്കുന്നതുപോലെ അഭിനയിക്കാന്‍ തുടങ്ങി. അമിത് ഷായും കൈയില്‍ തല താങ്ങിവെച്ചിരിക്കുകയായിരുന്നു. പീയൂഷ് ജി ഉറങ്ങാന്‍ പോവുന്ന അവസ്ഥയിലായിരുന്നു, പ്രിയങ്ക പരിഹസിച്ചു.
1 മണിക്കൂര്‍ 50 മിനിറ്റ് ആണ് പ്രധാനമന്ത്രി ഇന്ന് ലോക്സഭയില്‍ പ്രസംഗിച്ചത്. തുടക്കത്തില്‍ നാരീശക്തിയെ പറ്റിയും ബിജെപിയുടെ ഭരണനേട്ടങ്ങളെ പറ്റിയുമെല്ലാം പറഞ്ഞ മോദി, പിന്നീട് കോണ്‍ഗ്രസിനെതിരെയുള്ള ആരോപണങ്ങളാണ് ഉന്നയിച്ചത്. നെഹ്റുവിനെയും ഇന്ദിരയെയുമടക്കം ഗാന്ധി കുടുംബത്തെ മോദി കടന്നാക്രമിച്ചു. നെഹ്റുവില്‍ തുടങ്ങിയ പാപം, ഇന്ദിരയും രാജീവും കടന്ന് ഇന്നത്തെ തലമുറയില്‍ എത്തി നില്‍ക്കുന്നു എന്നായിരുന്നു മോദിയുടെ രൂക്ഷവിമര്‍ശനം. നെഹ്റു സ്വന്തം താല്പര്യങ്ങള്‍ക്ക് വേണ്ടി ഭരണഘടന അട്ടിമറിച്ചെന്നും, ആ പാപം അടിയന്തരാവസ്ഥയിലൂടെ ഇന്ദിര തുടര്‍ന്നെന്നും വോട്ട് ബാങ്കിന് വേണ്ടി രാജീവ് ഗാന്ധി സുപ്രിംകോടതി നിര്‍ദേശം അട്ടിമറിച്ചെന്നും മോദി വിമര്‍ശിച്ചു. രാഹുല്‍ ഗാന്ധിക്കെതിരെ പരോക്ഷ വിമര്‍ശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്. അഹങ്കാരിയായ ഒരു വ്യക്തി മന്ത്രിസഭയുടെ തീരുമാനം കീറിയെറിഞ്ഞു എന്നായിരുന്നു മോദിയുടെ വിമര്‍ശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക