ലഖ്‌നൗ: വിദ്വേഷ പ്രസംഗം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെ പിന്തുണച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സത്യം പറയുന്നവരെ ഇംപീച്ച് ചെയ്യുമെന്ന് പറഞ്ഞ് പ്രതിപക്ഷം ഭീഷണിപ്പെടുത്തുകയാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. കോണ്‍ഗ്രസ് പിന്തുടരുന്നത് ഇരട്ട നിലപാടാണെന്നും യോഗി ആദിത്യനാഥ് കുറ്റപ്പെടുത്തി. വേള്‍ഡ് ഹിന്ദു എക്കണോമിക് ഫോറം 2024 ല്‍ സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി.
'സത്യം പറയുന്നവര്‍ ആരായാലും, ഇംപീച്ച്മെന്റ് പ്രമേയങ്ങള്‍ കൊണ്ടുവന്ന് അവരെ സമ്മര്‍ദ്ദത്തിലാക്കും, എന്നിട്ടും അവര്‍ ഭരണഘടനയെക്കുറിച്ച് സംസാരിക്കുന്നു. അവരുടെ ഇരട്ടത്താപ്പ് നോക്കൂ. ഏകീകൃത സിവില്‍ കോഡ് വേണമെന്ന് അലഹബാദ് ഹൈക്കോടതി ജഡ്ജി പറഞ്ഞു, ഭൂരിപക്ഷ സമുദായത്തിന്റെ വികാരങ്ങള്‍ മാനിക്കപ്പെടണമെന്നാണ് ലോകമെമ്പാടും വിശ്വസിക്കുന്നത്. ഈ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച വ്യക്തി എന്ത് കുറ്റമാണ് ചെയ്തതെന്ന്' യോഗി ആദിത്യനാഥ് ചോദിച്ചു.
'രാജ്യത്ത് ഒരു ഏകീകൃത സിവില്‍ കോഡ് വേണ്ടേ? ലോകമെമ്പാടും, ഭൂരിപക്ഷ സമൂഹം പറയുന്നതനുസരിച്ചാണ് സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. ഭൂരിപക്ഷ - ന്യൂനപക്ഷ സമുദായങ്ങള്‍ തമ്മിലുള്ള വിവേചനം അവസാനിപ്പിക്കണമെന്ന് ഇന്ത്യയും പറയുന്നു. ഭരണഘടനയെ ശ്വാസം മുട്ടിച്ച് രാജ്യത്തിന്റെ വ്യവസ്ഥയെ കൈപ്പിടിയിലാക്കുക എന്ന പഴയ ശീലം വെച്ചാണ് കോണ്‍ഗ്രസ് സമ്മര്‍ദ്ദതന്ത്രം പയറ്റുന്നത്'. വിദ്വേഷ പ്രസംഗം നടത്തിയ ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിനെ ന്യായീകരിച്ച് യോഗി ആദിത്യനാഥ് പറഞ്ഞു.
ഒരു ജഡ്ജി, രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ സാമൂഹികവും സാംസ്‌കാരികവുമായ ഒരു വേദിയില്‍ സത്യം അവതരിപ്പിച്ചാല്‍, അദ്ദേഹം ഇംപീച്ച്‌മെന്റ് ഭീഷണി നേരിടുന്നു,' ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു. അതേസമയം, വിവാദ പ്രസംഗത്തില്‍ നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സുപ്രീംകോടതി കൊളീജിയം അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന് സമന്‍സ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം. വിഎച്ച്പി പരിപാടിയിലായിരുന്നു ജസ്റ്റിസ് ശേഖര്‍ യാദവിന്റെ വിവാദ പ്രസംഗം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക