വിദ്വേഷ പ്രസംഗം: ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി കൊളീജിയം, സമന്‍സ്

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാനാണ് സമന്‍സില്‍ നിര്‍ദേശിച്ചിട്ടുള്ളത്
Justice Shekhar Kumar Yadav
ജസ്റ്റിസ് ശേഖർ കുമാർ യാദവ് ടിവി ദൃശ്യം
Updated on

ന്യൂഡല്‍ഹി: അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖര്‍ കുമാര്‍ യാദവിന്റെ വിദ്വേഷ പ്രസംഗത്തില്‍ ഇടപെട്ട് സുപ്രീംകോടതി. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് ചൊവ്വാഴ്ച നേരിട്ട് ഹാജരാകണമെന്ന് സുപ്രീംകോടതി കൊളിജിയം ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയത്തിന് മുന്നില്‍ ഹാജരാകാനാണ് സമന്‍സില്‍ നിര്‍ദേശിച്ചിട്ടുള്ളത്. ജസ്റ്റിസ് ശേഖര്‍ യാദവിന്റെ വിവാദ പ്രസംഗത്തില്‍ സുപ്രീംകോടതി നേരത്തെ അലഹാബാദ് ഹൈക്കോടതിയോട് വിശദീകരണം തേടിയിരുന്നു.

ഡിസംബര്‍ 10 ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ചടങ്ങിലാണ് ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവ് വിവാദ പ്രസ്താവന നടത്തിയത്. ഭൂരിപക്ഷത്തിന്റെ ആഗ്രഹപ്രകാരമാണ് ഇന്ത്യ ഭരിക്കപ്പെടുക ഏക സിവില്‍ കോഡ് ഭരണഘടനാപരമായി അനിവാര്യമുള്ളതാണ്. ഇത് ഉടന്‍ യാഥാര്‍ഥ്യമാകും. ഹിന്ദു സമൂഹം നിരവധി മോശം ആചാരങ്ങളില്‍ നിന്ന് മുക്തി നേടി. അതുപോലെ മറ്റു മതങ്ങളും ദുരാചാരങ്ങള്‍ ഒഴിവാക്കണം. ആര്‍എസ്എസും വിഎച്ച്പിയും മാത്രമല്ല രാജ്യത്തിന്റെ പരമോന്നത നീതിപീഠവും സിവില്‍കോഡിനെപ്പറ്റി സംസാരിക്കുന്നതായും ജഡ്ജി ശേഖര്‍ കുമാര്‍ യാദവ് പറഞ്ഞു.

വിവാദ പ്രസംഗത്തില്‍ ജഡ്ജി ശേഖര്‍ കുമാര്‍ യാദവിനെതിരെ പ്രതിപക്ഷ എംപിമാര്‍ രാജ്യസഭയില്‍ ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയിട്ടുണ്ട്. കപില്‍ സിബലിന്റെ നേതൃത്വത്തില്‍ 55 പ്രതിപക്ഷ എംപിമാരാണ് നോട്ടീസില്‍ ഒപ്പുവെച്ചിട്ടുള്ളത്. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗം വര്‍ഗീയ വിദ്വേഷം സൃഷ്ടിക്കുന്നുവെന്നും ഭരണഘടനയുടെ മതേതര മൂല്യങ്ങളെ ലംഘിക്കുന്നുവെന്നും നോട്ടീസില്‍ പറയുന്നു. വിഎച്ച്പി പരിപാടിയിലെ ജഡ്ജിയുടെ പ്രസംഗം ന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെ പക്ഷപാതവും മുന്‍വിധിയും പ്രകടിപ്പിച്ചത് പ്രഥമദൃഷ്ട്യാ തന്നെ വ്യക്തമാണെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുസ്ഥലത്ത് തന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ പ്രകടിപ്പിച്ച ജസ്റ്റിസ് യാദവ്, ജഡ്ജി എന്ന നിലയില്‍ പരിധി മറികടന്നെന്നും, അത് ഗുരുതരമായ ലംഘനമാണെന്നും ഇംപീച്ച്മെന്റ് പ്രമേയത്തില്‍ ആരോപിക്കുന്നു. ജസ്റ്റിസ് ശേഖര്‍ കുമാര്‍ യാദവിന്റെ പ്രസംഗം വിവാദമായതിന് പിന്നാലെ അദ്ദേഹത്തിന്റെ ചുമതലകളില്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മാറ്റം വരുത്തി. പ്രധാന കേസുകൾ കേൾക്കുന്നതിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com