ടെക്കി അതുല്‍ സുഭാഷിന്റെ ആത്മഹത്യ: ഭാര്യയും അമ്മയും സഹോദരനും അറസ്റ്റില്‍
ബംഗലൂരു: ബംഗലൂരുവില്‍ ഐടി ജീവനക്കാരന്‍ അതുല്‍ സുഭാഷ് ജീവനൊടുക്കിയ സംഭവത്തില്‍ ഭാര്യയും അമ്മയും സഹോദരനും പിടിയില്‍. ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നാണ് ഭാര്യ നികിത സിംഘാനിയയെ പൊലീസ് പിടികൂടിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭാര്യയുടേയും ഭാര്യ വീട്ടുകാരുടേയും പീഡനത്തെപ്പറ്റി വീഡിയോ സന്ദേശം പോസ്റ്റ് ചെയ്യുകയും 24 പേജുള്ള വിശദമായ ആത്മഹത്യാക്കുറിപ്പ് എഴുതിവെക്കുകയും ചെയ്തശേഷം യുപി സ്വദേശി അതുല്‍ സുഭാഷ് ജീവനൊടുക്കിയത്.
നികിതയുടെ അമ്മ നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ എന്നിവരെ യുപിയിലെ പ്രയാഗ് രാജില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്. അതുല്‍ സുഭാഷിന്റെ മരണത്തില്‍ ഭാര്യ നികിതയ്ക്കും വീട്ടുകാര്‍ക്കുമെതിരെ ബംഗലൂരു പൊലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ നിഷയും മകന്‍ അനുരാഗും യുപിയിലേക്ക് കടക്കുകയായിരുന്നു.
നേരത്തെ അതുല്‍ സുഭാഷിന്റെ മരണത്തില്‍ നികിത, അമ്മ നിഷ സിംഘാനിയ, സഹോദരന്‍ അനുരാഗ് സിംഘാനിയ, അമ്മാവന്‍ സുശീല്‍ സിംഘാനിയ എന്നിവര്‍ക്ക് മൂന്നു ദിവസത്തിനകം അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ബംഗലൂരു പൊലീസ് സമന്‍സ് നല്‍കിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സുശീല്‍ സിംഘാനിയ ഇപ്പോഴും ഒളിവിലാണ്.
വിവാഹമോചനത്തിനായി ഭാര്യ നികിത മൂന്നുകോടി രൂപയും, ജീവനാംശമായി മാസം തോറും രണ്ടു ലക്ഷം രൂപ വീതവും വേണമെന്ന് ആവശ്യപ്പെട്ടെന്നും, പണം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും നികിത ഭീഷണിപ്പെടുത്തിയതായി അതുല്‍ സുഭാഷ് എഴുതിയിരുന്നു. ഭാര്യ വീട്ടുകാരില്‍ നിന്നും നിരന്തരം മാനസിക പീഡനം നേരിട്ടതായും അതുല്‍ സുഭാഷ് ആരോപിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക