മുംബൈ: ഹരിദാസ് വട്കര്‍ എന്ന പ്രശസ്തനായ തബല നിര്‍മാതാവ് ആണ് പതിറ്റാണ്ടുകളോളം സാക്കിര്‍ ഹുസൈന് വേണ്ടി തബല നിര്‍മിച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ തബല നിര്‍മാണം പഠിച്ചയാളാണ് ഹരിദാസ്. മുത്തച്ഛന്‍ കേരപ്പ രാമചന്ദ്ര വട്കറിന്റേയും അച്ഛന്‍ രാമചന്ദ്ര വാട്കറിന്റേയും പാത പിന്തുടര്‍ന്നാണ് ഹരിദാസും തബല നിര്‍മാണത്തില്‍ ശ്രദ്ധ പതിപ്പിച്ചത്. എത്ര തബലകള്‍ സാക്കിര്‍ ഹുസൈന് വേണ്ടി നിര്‍മിച്ചുവെന്ന് ചോദിച്ചപ്പോള്‍ എണ്ണമറ്റത് എന്നായിരുന്നു ഹരിദാസിന്‍റെ മറുപടി.
സാക്കിര്‍ ഹുസൈന്റെ പിതാവ് ഉസ്താദ് അല്ല രഖാ ഖാന് വേണ്ടിയായിരുന്നു ആദ്യം തബല നിര്‍മിച്ചു നല്‍കിയത്. 1998 മുതലാണ് സാക്കിര്‍ ഹുസൈന് വേണ്ടി തബലകള്‍ നിര്‍മിച്ചു തുടങ്ങിയത്. മുംബൈയിലെ കാഞ്ചുര്‍മാര്‍ഗിലെ പണിശാലയിലിരുന്നുകൊണ്ട് തബല മാന്ത്രികനെ അവസാനം കണ്ടുമുട്ടിയ ഓര്‍മകള്‍ പങ്കുവെക്കുകയാണ് 59 കാരനായ ഹരിദാസ്. അന്ന് ഗുരുപൂര്‍ണിമയായിരുന്നു. അദ്ദേഹത്തിന്റെ നിരവധി ആരാധകരുണ്ടായിരുന്നു. അതിന്റെ തൊട്ടടുത്ത ദിവസം നേപ്പിയര്‍ സീ റോഡ് പരിസരത്തുള്ള സിംല ഹൗസ് സഹകരണ സൊസൈറ്റിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. കുറച്ചു സമയം സംസാരിച്ചു.
തബലയില്‍ ശ്രുതി ചേര്‍ക്കുന്നതില്‍ അദ്ദേഹം വളരെയധികം ശ്രദ്ധ പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന് വേണ്ടി പുതിയവ നിര്‍മിക്കുന്നതിനുപുറമേ പഴയവ ശേഖരിക്കുകയും അറ്റകുറ്റ പണികള്‍ ചെയ്യുകയും ചെയ്യുമായിരുന്നു. അദ്ദേഹത്തിനായി ഞാന്‍ തബലകള്‍ ഉണ്ടാക്കി, അദ്ദേഹം എന്റെ ജീവിതം സൃഷ്ടിച്ചു. പുതിയ തബലയെക്കുറിച്ചോ പഴയ തബലകളുടെ അറ്റകുറ്റപ്പണികളേക്കുറിച്ചോ ചോദിക്കാനാണ് അദ്ദേഹം വിളിച്ചിരുന്നത്. മാസങ്ങള്‍ കൂടുമ്പോഴാണ് പലപ്പോഴും ആ കോളുകള്‍ തന്നെ തേടിയെത്താറുള്ളതെന്ന് ഹരിദാസ് വട്കര്‍ പറയുന്നു. ഇപ്പോള്‍ മക്കളായ കിഷോറും മനോജും തബല നിര്‍മാണത്തില്‍ ഹരിദാസിനൊപ്പമുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക