ചെന്നൈ: ശ്രീവില്ലിപൂത്തൂർ ആണ്ടാൾ ക്ഷേത്രത്തിൽ തടഞ്ഞതിനെച്ചൊല്ലിയുണ്ടായ വിവാദത്തിൽ പ്രതികരിച്ച് വിഖ്യാത സംഗീതസംവിധായകനും രാജ്യസഭാംഗവുമായ ഇളയരാജ. ക്ഷേത്രദർശനത്തിനെത്തിയ ഇളയ രാജയെ അർഥ മണ്ഡപത്തിൽ കയറുന്നതിൽ നിന്നാണ് അധികൃതർ തടഞ്ഞത്. സമൂഹ മാധ്യമങ്ങളിൽ ഇതു വലിയ ചർച്ചയായിരുന്നു പിന്നാലെയാണ് പ്രതികരണം. എക്സിലൂടെയാണ് അദ്ദേഹം വിവാദത്തിൽ വ്യക്തത വരുത്തിയത്.
'ഞാനുമായി ബന്ധപ്പെട്ടുള്ള വിഷയത്തിൽ ചിലർ തെറ്റായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്യുന്ന ആളല്ല ഞാൻ. ഇനിയൊരിക്കലും അതുണ്ടാകുകയുമില്ല. നടക്കാത്ത കാര്യങ്ങൾ നടന്ന പോലെയാണ് ചിലരെല്ലാം ഇക്കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. ആരാധകരും പൊതുജനങ്ങളും ഈ അഭ്യൂഹങ്ങൾ വിശ്വസിക്കരുത്'- ഇളയരാജ എക്സിൽ കുറിച്ചു.
ശ്രീവില്ലിപൂത്തൂർ ആണ്ടാൾ ക്ഷേത്രത്തിലെത്തിയ ഇളയരാജയെ തമിഴ്നാട് ദേവസ്വം വകുപ്പ് അധികൃതർ സ്വീകരിച്ചു. തുടർന്ന് പെരിയ പെരുമാൾ ക്ഷേത്രം,നന്ദാവനം തുടങ്ങിയവയിൽ അദ്ദേഹം ദർശനം നടത്തി. ഇതിനു പിന്നാലെ ആണ്ടാൾ ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നിലുള്ള അർത്ഥമണ്ഡപത്തിൽ പ്രവേശിക്കുന്നതിൽനിന്നാണ് തടഞ്ഞത്. തുടർന്ന് അദ്ദേഹം അർത്ഥമണ്ഡപത്തിന് പുറത്തു നിന്ന് പ്രാർത്ഥന നടത്തി.
ക്ഷേത്രത്തിലെത്തിയ ഇളയരാജയെ പുരോഹിതന്മാർ മാല അണിയിച്ചു ആദരിച്ചു. ഇളയരാജയെ തടഞ്ഞതിൽ, പരമ്പരാഗത ആചാരങ്ങളെ രൂക്ഷമായി വിമർശിച്ച് സമൂഹ മാധ്യമങ്ങളിൽ രൂക്ഷ പ്രതികരണങ്ങളാണ് ഉയർന്നത്. അർഥ മണ്ഡപത്തിൽ പുരോഹിതർക്കു മാത്രമാണ് പ്രവേശനം എന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടിയത്. എന്നാൽ ജാതി അധിക്ഷേപമാണ് നടന്നതെന്നായിരുന്നു മറു ഭാഗത്തിന്റെ പ്രതികരണം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക