ജനിച്ചപ്പോള്‍ മുതല്‍ സാക്കിര്‍ ഹുസൈന്റെ കാതുകളില്‍ നിറഞ്ഞു കേട്ടത് തബലയുടെ താളമാണ്. അച്ഛന്റെ കൈപിടിച്ച് സംഗീത ലോകത്തേക്ക് ചുവടുവച്ചു. വിരലുകള്‍ കൊണ്ട് തബലയില്‍ തീര്‍ത്ത മാന്ത്രികത അദ്ദേഹത്തെ ലോകത്തിന്റെ ഉസ്താദാക്കി. നാല് ഗ്രാമി അവാര്‍ഡുകള്‍ സ്വന്തമാക്കിയ അദ്ദേഹം ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സംഗീതത്തിന് അഭിമാനമായി മാറി.
സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ വച്ചായിരുന്നു ലോകപ്രശസ്ത തബലമാന്ത്രികനായ സാക്കിര്‍ ഹുസൈന്റെ അന്ത്യം. ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലായ സാക്കിര്‍ ഹുസൈന്‍ മരിച്ചതായി വാര്‍ത്തകള്‍ പ്രചരിച്ചെങ്കിലും കുടുംബം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് രാവിലെയോടെ കുടുംബം തന്നെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.
1951 മാര്‍ച്ച് 9ന് മുംബൈയിലെ സംഗീത കുടുംബത്തിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. വിഖ്യാത തബലിസ്റ്റ് ഉസ്താദ് അല്ല രഖ ഖാന്‍ ആയിരുന്നു അച്ഛന്‍. തബലയുടെ താളത്തിനൊപ്പമായിരുന്നു സാക്കിര്‍ ഹൂസൈന്റെ കുട്ടിക്കാലം. ഏഴാം വയസില്‍ ആദ്യമായി ലോകം സാക്കിര്‍ ഹുസൈനെ കേട്ടു. അച്ഛന്റെ പകരക്കാരനായാണ് സാക്കിര്‍ ഹുസൈന്‍ ആദ്യമായി വേദിയില്‍ കയറുന്നത്. 12ാം വയസില്‍ സംഗീതത്തില്‍ സ്വതന്ത്ര യാത്ര ആരംഭിച്ചു. ആ വിരലുകളുടെ മാന്ത്രികത ലോകത്തെ അമ്പരപ്പിച്ചു. സംഗീതരംഗത്തെ അതികായകന്റെ തുടക്കം അവിടെനിന്നായിരുന്നു.
കുട്ടിക്കാലം മുതല്‍ നിരവധി പ്രമുഖര്‍ക്കൊപ്പം അദ്ദേഹം തബല വായിച്ചു. മഹാനായ സിത്താര്‍ വാദകന്‍ ഉസ്താദ് അബ്ദുല്‍ ഹലിം ജാഫര്‍ ഖാന്‍, ഷഹനായി ചക്രവര്‍ത്തി ബിസ്മില്ലാ ഖാന്‍ എന്നിവരോടൊപ്പം തബല വായിക്കുമ്പോള്‍ 12 വയസ് മാത്രമായിരുന്നു പ്രായം. 18ാം വയസിലാണ് സിത്താര്‍ മാന്ത്രികന്‍ രവി ശങ്കറിനൊപ്പം കച്ചേരി അവതരിപ്പിച്ചത്. കേരളത്തിലെ പെരുവനം കുട്ടന്‍ മാരാര്‍ക്കും മട്ടന്നൂര്‍ ശങ്കരന്‍കുട്ടിക്കുമൊപ്പം വേദി പങ്കിട്ടിട്ടുണ്ട്.
സംഗീതത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയ അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വാഷിങ്ടന്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19ാം വയസ്സില്‍ അസി.പ്രഫസര്‍ ആയി. മലയാളത്തിലെ 'വാനപ്രസ്ഥം' അടക്കമുള്ള ഏതാനും സിനിമകള്‍ക്കു സംഗീതം നല്‍കി. നാലു തവണ ഗ്രാമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 1988ല്‍ പത്മശ്രീ ബഹുമതി ലഭിച്ചു. 2002 പത്മഭൂഷണും 2023ല്‍ പത്മവിഭൂഷണും ലഭിച്ചു. പ്രശസ്ത കഥക് നര്‍ത്തകി അന്റോണിയ മിനെക്കോളയാണു ഭാര്യ. അനിസ ഖുറേഷി, ഇസബെല്ല ഖുറേഷി എന്നിവര്‍ മക്കളാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates