

ജനിച്ച് വീണപ്പോള്‍ തന്നെ തബലയുടെ താളങ്ങളാണ് കുഞ്ഞു സാക്കിര്‍ ഹുസൈന്റെ ചെവികളില്‍ അലയടിച്ചത്. വിഖ്യാത തബലിസ്റ്റും പിതാവുമായ ഉസ്താദ് അല്ല രഖാ ഖാന്‍ ആദ്യമായി മകന്റെ ചെവികളില്‍ ചൊല്ലിക്കൊടുത്തത് തബലയുടെ താളങ്ങളായിരുന്നു. എട്ട് വര്‍ഷം മുന്‍പ് സാക്കിര്‍ ഹുസൈന്‍ തന്നെയാണ് സംഗീത ലോകത്തേയ്ക്ക് തന്നെ സ്വാഗതം ചെയ്ത കഥ പറഞ്ഞത്.
പിതാവ് കുഞ്ഞിന്റെ ചെവിയില്‍ പ്രാര്‍ഥനകള്‍ ചൊല്ലുകയും നല്ല വാക്കുകള്‍ പറയുകയും ചെയ്യുന്ന ചടങ്ങുണ്ട്. എന്നാല്‍, ജനിച്ച് ദിവസങ്ങള്‍ക്ക് ശേഷം ആദ്യമായി വീട്ടിലേയ്ക്ക് എത്തിയപ്പോള്‍ കുഞ്ഞു സാക്കിര്‍ ഹുസൈനെ കൈകളിലെടുത്ത് ചെവികളില്‍ പ്രാര്‍ഥനകള്‍ക്ക് പകരം തബലയുടെ താളങ്ങളായിരുന്നു പിതാവ് ചൊല്ലിയത്. ഇത് കണ്ട് അമ്മ ദേഷ്യപ്പെട്ടു. പ്രാര്‍ഥനകളാണ് ചൊല്ലേണ്ടതെന്നും താളങ്ങള്‍ അല്ലെന്നും അമ്മ പിതാവിനെ ഓര്‍മിപ്പിച്ചു. എന്നാല്‍ ഈ താളങ്ങളാണ് തന്റെ പ്രാര്‍ഥന. ഇങ്ങനെയാണ് താന്‍ പ്രാര്‍ഥിക്കുന്നതെന്ന് പിതാവ് മറുപടി നല്‍കി. ഞാന്‍ സരസ്വതീ ദേവിയുടേയും ഗണേശന്റേയും ആരാധകനാണ്. ഇത് തന്റെ ഗുരുക്കന്‍മാരില്‍ നിന്ന് ലഭിച്ച അറിവാണെന്നും ഇതാണ് താന്‍ കൈമാറാന്‍ ആഗ്രഹിക്കുന്നതെന്നും പിതാവ് മറുപടി നല്‍കി.
ആദ്യ കാലങ്ങളില്‍ സാക്കിര്‍ ഹുസൈന്‍ ട്രെയിനുകളിലായിരുന്നു യാത്രകളധികവും. സീറ്റ് കിട്ടിയില്ലെങ്കില്‍ തറയില്‍ പത്രങ്ങള്‍ വിരിച്ച് ഉറങ്ങുമായിരുന്നു. അത്തരം യാത്രകളില്‍ ആരുടേയും കാലുകള്‍ തബലയില്‍ തൊടാതിരിക്കാന്‍ സംഗീതോപകരണങ്ങള്‍ മടിയില്‍ പിടിച്ച് അദ്ദേഹം ഉറങ്ങുമായിരുന്നു. 12 വയസുള്ളപ്പോള്‍ പിതാവിനൊപ്പം കച്ചേരിക്ക് പോയ അനുഭവവും സാക്കിര്‍ ഹുസൈന്‍ പങ്കുവെച്ചു. പണ്ഡിറ്റ് രവിശങ്കര്‍, ഉസ്താദ് അലി അക്ബര്‍ ഖാന്‍, ബിസ്മില്ല ഖാന്‍, പണ്ഡിറ്റ് ശാന്ത പ്രസാദ്, പണ്ഡിറ്റ് കിഷന്‍ മഹാരാജ് തുടങ്ങിയ സംഗീത പ്രഗത്ഭരുമുള്ള കച്ചേരിയില്‍ അദ്ദേഹവും പങ്കെടുത്തു. ആ പ്രകടനത്തിന് അഞ്ച് രൂപയാണ് പ്രതിഫലം നേടിയത്. ജീവിതത്തില്‍ ധാരാളം പണം സമ്പാദിക്കാന്‍ കഴിഞ്ഞെങ്കിലും ആ അഞ്ച് രൂപയായിരുന്നു ഏറ്റവും വിലപ്പെട്ടതെന്ന് സാക്കിര്‍ ഹുസൈന്‍ പറഞ്ഞിട്ടുണ്ട്.
1951 മാര്‍ച്ച് 9ന് മുംബൈയിലെ സംഗീത കുടുംബത്തിലാണ് സാക്കിര്‍ ഹുസൈന്‍ ജനിച്ചത്. സാന്‍ഫ്രാന്‍സിസ്‌കോ ആശുപത്രിയില്‍ വച്ചായിരുന്നു ലോകപ്രശസ്ത തബലമാന്ത്രികനായ സാക്കിര്‍ ഹുസൈന്റെ അന്ത്യം. സംഗീതത്തിനൊപ്പം പഠനവും മുന്നോട്ടുകൊണ്ടുപോയ അദ്ദേഹം മുംബൈ സെന്റ് സേവ്യേഴ്‌സ് കോളജില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്. വാഷിങ്ടന്‍ സര്‍വകലാശാലയില്‍ എത്തനോമ്യൂസിക്കോളജി വിഭാഗത്തില്‍ 19ാം വയസ്സില്‍ അസി.പ്രഫസര്‍ ആയി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
