സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമം; പ്രതികളെ ഷണ്ഡന്‍മാരാക്കണം, ഹര്‍ജി

സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു.
supreme court
സുപ്രീംകോടതി ഫയല്‍
Updated on

ന്യൂഡല്‍ഹി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ലൈംഗിക കുറ്റകൃത്യം നടത്തുന്നവരുടെ ലൈംഗികശേഷി രാസമരുന്നുകള്‍ ഉപയോഗിച്ച് ഇല്ലാതാക്കുന്ന കെമിക്കല്‍ കാസ്‌ട്രേഷന്‍ നടപ്പാക്കണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി. സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്ജെന്‍ഡറുകള്‍ എന്നിവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ പെരുകുന്നത് തടയാന്‍ ഇതടക്കം വിവിധ മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിലെ വനിത അഭിഭാഷക അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു.

കൊല്‍ക്കത്തയിലെ ആര്‍ജികര്‍ മെഡിക്കല്‍ കോളജില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവമടക്കം പരാമര്‍ശിച്ചുള്ള ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജല്‍ ഭുയാന്‍ എന്നിവരുടെ ബെഞ്ചിന്റെ നോട്ടീസ്. രാജ്യത്ത് സ്ത്രീ സുരക്ഷയ്ക്കായി മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ലൈംഗികാതിക്രമങ്ങള്‍ക്കുള്ള എല്ലാ കുറ്റവാളികള്‍ക്കും കെമിക്കല്‍ കാസ്‌ട്രേഷന്‍ നടപ്പാക്കുക. ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കുറ്റവാളികളെ വന്ധ്യംകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ അതിവേഗ കോടതികള്‍ ആറ് മാസത്തിനുള്ളല്‍ തീര്‍ക്കുന്ന തരത്തില്‍ വേഗത്തിലാക്കണം. സൗജന്യ ഓണ്‍ലൈന്‍ പോണോഗ്രാഫി സമ്പൂര്‍ണമായി നിരോധിക്കണം, വിചാരണ തുടങ്ങും വരെ സ്ത്രീകള്‍ക്കെതിരെ ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ജാമ്യം അനുവദിക്കരുത് തുടങ്ങിയ ആവശ്യങ്ങളും ഹര്‍ജിയിലുണ്ട്. അതേസമയം, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തുടരുന്നത് നിയമങ്ങളുടെ അഭാവത്താലല്ല, അതിന്റെ മോശം നിര്‍വ്വഹണത്തിലൂടെയാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com