രാഹുല്‍ ഗാന്ധി ബ്ലാക്ക് ബെല്‍റ്റ്; അംഗങ്ങളെ കയ്യേറ്റം ചെയ്തു; പൊലീസില്‍ പരാതി നല്‍കി ബിജെപി

പാര്‍ലമെന്റില്‍ അതിക്രമം നടത്താന്‍ രാഹുലിന് ആരാണ് അധികാരം നല്‍കിയതെന്നും എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ ഏത് നിയമമാണ് അനുവദിക്കുന്നതെന്നും കിരണ്‍ റിജിജു ചോദിച്ചു
MP Pratap Chandra Sarangi who got injured after clashes between India Bloc and NDA MPs
പരിക്കേറ്റ ബിജെപി എംപിയെ സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിപിടിഐ
Updated on

ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അംബേദ്കര്‍ പരാമര്‍ശവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് വളപ്പിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി പൊലീസില്‍ പരാതി നല്‍കി. എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രജ്പുത് എന്നിവരാണ് പാര്‍ലമെന്‍റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പാര്‍ലമെന്റില്‍ അതിക്രമം നടത്താന്‍ രാഹുലിന് ആരാണ് അധികാരം നല്‍കിയതെന്നും എംപിമാരെ ശാരീരികമായി ആക്രമിക്കാന്‍ ഏത് നിയമമാണ് അനുവദിക്കുന്നതെന്നും കിരണ്‍ റിജിജു ചോദിച്ചു.

ജാപ്പാനീസ് ആയോധനകലയായ ഐക്കിഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് നേടിയ ആളാണ് രാഹുല്‍ ഗാന്ധി. നിങ്ങള്‍ മറ്റ് എംപിമാരെ ആയോധന കല പഠിപ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. പാര്‍ലമെന്റ് ഗുസ്തിക്കുള്ള വേദിയല്ല. പരിക്കേറ്റ സഹപ്രവര്‍ത്തകരെ ആശുപത്രിയിലെത്തി സന്ദര്‍ശിക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു.

സംഭവത്തില്‍ രാഹുല്‍ ഗാന്ധി മാപ്പുപറയണമെന്നും റിജിജു ആവശ്യപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച സാരംഗിയും രജ്പുതുമായും പ്രധാനമന്ത്രി ഫോണില്‍ സംസാരിച്ചു.

രാഹുലിനെയും ഖാര്‍ഗെയയും കയ്യേറ്റം ചെയ്തെന്ന് കോണ്‍ഗ്രസ്

അതേസമയം രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും ബിജെപി അംഗങ്ങള്‍ കൈയേറ്റം ചെയ്യുകയാണുണ്ടായതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതു ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് സഭാധ്യക്ഷന് പരാതി നല്‍കി.

താന്‍ പാര്‍ലമെന്‍റിലേക്കു കടക്കുന്നത് ബിജെപി അംഗങ്ങള്‍ തടഞ്ഞതായി രാഹുല്‍ ഗാന്ധി പറഞ്ഞു. തന്നെയും ഖാര്‍ഗെയെയും അവര്‍ പിടിച്ചുതള്ളിയതാണ് സംഘര്‍ഷത്തിന് കാരണമായത്. അവര്‍ തന്നെ പിടിച്ചുതള്ളുന്നത് മാധ്യമപ്രവര്‍ത്തകര്‍ക്ക് കാമറയില്‍ കാണാമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, രാഹുല്‍ ഗാന്ധി പിടിച്ചുതള്ളിയ എംപി തന്റെ മേല്‍ വീണാണ് തലയ്ക്ക് പരിക്കേറ്റതെന്ന് ബിജെപി എംപി സാരംഗി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com