നിര്‍ണായക കരാറുകളില്‍ ഒപ്പ് വെച്ച് ഇന്ത്യ, കുവൈത്ത് സന്ദര്‍ശനം പൂര്‍ത്തിയാക്കി മോദി

പ്രതിരോധ വ്യവസായം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, സംയുക്ത അഭ്യാസങ്ങള്‍, പരിശീലനം, പ്രതിരോധ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, പ്രതിരോധ മേഖലയില്‍ ഗവേഷണ വികസന സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്
കുവൈത്ത് പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അല്‍-അഹമ്മദ് അല്‍-സബായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍
കുവൈത്ത് പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അല്‍-അഹമ്മദ് അല്‍-സബായും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ പിടിഐ
Updated on

ന്യൂഡല്‍ഹി: കുവൈത്തുമായി നാല് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിലാണ് ഇരു രാജ്യങ്ങളും നിര്‍ണായകമായ കരാറുകള്‍ ഒപ്പുവെച്ചത്. പ്രതിരോധ സഹകരണം, 2025 മുതല്‍ 2029 വരെ സാംസ്‌കാരിക കൈമാറ്റം, 2025 മുതല്‍ 2028 വരെ കായിക സഹകരണം, രാജ്യാന്തര സോളാര്‍ സഖ്യത്തില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. 43 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്.

കുവൈത്തിലെ പ്രധാനപ്പെട്ട എല്ലാ നേതാക്കളുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി അഹമ്മദ് അബ്ദുള്ള അല്‍-അഹമ്മദ് അല്‍-സബാ, കുവൈത്ത് കിരീടാവകാശി സബാ അല്‍ഖലേദ് അല്‍-ഹമദ് അല്‍-മുബാറക് അല്‍ സബാ, കുവൈത്ത് അമീര്‍ ഷെയ്ഖ് മേഷാല്‍ അല്‍-അഹമ്മദ് അല്‍ ജാബര്‍ അല്‍-സബ എന്നിവരെ നേരില്‍ കാണുകയും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുകയും ചെയ്തു.

പ്രതിരോധ വ്യവസായം, പ്രതിരോധ ഉപകരണങ്ങളുടെ വിതരണം, സംയുക്ത അഭ്യാസങ്ങള്‍, പരിശീലനം, പ്രതിരോധ ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും കൈമാറ്റം, പ്രതിരോധ മേഖലയില്‍ ഗവേഷണ വികസന സഹകരണം തുടങ്ങിയ കാര്യങ്ങളില്‍ സഹകരണം ഉറപ്പാക്കുന്ന ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ നടത്തിയ പ്രതിനിധി തല ചര്‍ച്ചയില്‍ വ്യാപാരം, നിക്ഷേപം, ഊര്‍ജം, പ്രതിരോധം, സുരക്ഷ, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ തുടങ്ങി വിവിധ മേഖലകളില്‍ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി ചര്‍ച്ചകള്‍ നടത്തിയെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

കുവൈത്ത് പ്രധാനമന്ത്രിയെ നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഡല്‍ഹിയിലെത്തുന്ന പ്രധാനമന്ത്രി രാജ്യ തലസ്ഥാനത്ത് വൈകിട്ട് നടക്കുന്ന ക്രിസ്മസ് പരിപാടിയില്‍ പങ്കെടുക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com