

ന്യൂഡല്‍ഹി: ഒരിക്കലും തനിക്ക് നേരെ ഉയരുന്ന ചോദ്യങ്ങളോട് മന്‍മോഹന്‍ സിങ് മുഖം തിരിക്കുകയോ ഒളിച്ചോടുകയോ ചെയ്തിരുന്നില്ല. അതിപ്പോൾ മാധ്യമങ്ങള്‍ക്ക് മുന്നിലായാലും പാര്‍ലമെന്റിനുള്ളിലായാലും രാജ്യാന്തരവേദികളിലായാലും അങ്ങനെ തന്നെ. പ്രധാനമന്ത്രിയായിരുന്ന പത്ത് വര്‍ഷങ്ങളില്‍ 117 വാര്‍ത്താ സമ്മേളനങ്ങളിലാണ് അദ്ദേഹം പങ്കെടുത്തത്. അതില്‍ 72 എണ്ണം വിദേശ സന്ദര്‍ശനങ്ങളിലായിരുന്നു. 23 എണ്ണം ആഭ്യന്തരതലത്തിലോ സംസ്ഥാന സന്ദര്‍ശനങ്ങളിലോ ആയിരുന്നെങ്കില്‍ 12 എണ്ണം തെരഞ്ഞെടുപ്പുകളോ രാഷ്ട്രീയ സംഭവങ്ങളോ ആയി ബന്ധപ്പെട്ടതായിരുന്നു.
2014 ജനുവരി 3 ന് പ്രധാനമന്ത്രി എന്ന നിലയിൽ ഡോ മൻമോഹൻ സിങ് നടത്തിയ അവസാന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിരവധി തവണ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇന്നും ആ വാക്കുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നുണ്ടെന്നതാണ് വാസ്തവം. മന്ത്രിമാരെ നിയന്ത്രിക്കാൻ കഴിയാത്തതിനേക്കുറിച്ചായിരുന്നു വാർത്താ സമ്മേളനത്തിൽ മൻമോഹൻ സിങ്ങിനോടുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യം.
അതിന് അദ്ദേഹം പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു: "സമകാലിക മാധ്യമങ്ങളെക്കാളും പാർലമെന്റിലെ പ്രതിപക്ഷ പാർട്ടികളെക്കാളും ചരിത്രം എന്നോട് ദയ കാണിക്കുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു".- എന്നായിരുന്നു. പല തവണ മൗനി ബാബ എന്ന് ഇന്നത്തെ പ്രധാനമന്ത്രിയും അന്നത്തെ മാധ്യമങ്ങളും നിരന്തരം കളിയാക്കിയ വര്‍ഷങ്ങളിലായിരുന്നു മന്‍മോഹന്‍ സിങിന്റെ ഈ മറുപടി.
ഈ വാര്‍ത്താ സമ്മേളനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കുകളുണ്ടായിരുന്നില്ലെന്നും നേരത്തെ പറഞ്ഞുറപ്പിച്ച ചോദ്യങ്ങളെ പാടുള്ളു എന്ന നിബന്ധനയുണ്ടായിരുന്നില്ലെന്നും പിൽക്കാലത്ത് പല മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം എന്നത് കേട്ടുകേള്‍വി പോലുമില്ലാതിരുന്ന 2014 മുതലുള്ള കാലഘട്ടങ്ങളില്‍ മന്‍മോഹന്‍ സിങ്, പ്രധാനമന്ത്രിയായി തിരിച്ചുവന്നിരുന്നെങ്കിലെന്ന് സമൂഹമാധ്യമങ്ങളില്‍ കുറിച്ചവരും ഏറെയാണ്.
മറുചോദ്യങ്ങള്‍ ഉയരില്ലെന്ന് ഉറപ്പുള്ള മഹാസമ്മേളനങ്ങളിലോ, നേരത്തെ തയ്യാറാക്കിയ കുറ്റമറ്റ വിഡിയോ മെസേജുകളോ മാത്രമായി സംസാരിക്കുന്ന ഇന്നത്തെ പ്രധാനമന്ത്രിക്കെതിരെ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വിമര്‍ശനത്തിനായി ഉപയോഗിച്ചതും മന്‍മോഹന്‍ സിങിന്റെ വാര്‍ത്താ സമ്മേളനങ്ങളുടെ കണക്കുകളായിരുന്നു.
2014ല്‍ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് നടത്തിയ അവസാന വാര്‍ത്താ സമ്മേളനത്തില്‍ മുന്‍കൂട്ടി അറിയിക്കാത്ത 62 ചോദ്യങ്ങള്‍ക്കായിരുന്നു മന്‍മോഹന്‍ സിങ് മറുപടി നല്‍കിയത്. നൂറോളം മാധ്യമപ്രവര്‍ത്തകര്‍ അന്നവിടെ സന്നിഹിതരായിരുന്നു.
മന്‍മോഹന്‍ സിങിന്റെ അവസാന വാര്‍ത്താ സമ്മേളനം എന്ന നിലയില്‍ മാത്രമായിരുന്നു അന്ന് അതിനെ വിലയിരുത്തിയിരുന്നതെങ്കില്‍, പിന്നീടുള്ള വര്‍ഷങ്ങളിലാണ് അത് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അവസാന വാര്‍ത്താ സമ്മേളനമായിരുന്നു എന്ന തിരിച്ചറിവ് മാധ്യമലോകത്തിനും ജനങ്ങള്‍ക്കുമുണ്ടായത്. ഇന്ന് അദ്ദേഹം വിട വാങ്ങുമ്പോള്‍ ചെറിയൊരു നഷ്ടബോധത്തോടെയാകും കാലം മൻമോഹൻ സിങിനെ ഓർമിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates