Madras HC
മദ്രാസ് ഹൈക്കോടതിഫയല്‍

'എഫ്‌ഐആറിലെ ഭാഷ ഞെട്ടിക്കുന്നത്', അണ്ണാ സര്‍വകലാശാല ക്യാംപസിലെ ബലാത്സംഗക്കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി

എഫ്‌ഐആറിലെ ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതു പോലെയാണെന്നും കോടതി പറഞ്ഞു
Published on

ചെന്നൈ: അണ്ണാ സര്‍വകലാശാല ക്യാംപസില്‍ വിദ്യാര്‍ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിര്‍ദേശിച്ച് മദ്രാസ് ഹൈക്കോടതി. മൂന്നു മുതിര്‍ന്ന വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍ സംഘത്തിലുണ്ട്. ബി. സ്‌നേഹപ്രിയ, എസ്. ബ്രിന്ദ, അയമന്‍ ജമാല്‍ എന്നിവരാണ് സംഘത്തിലെ വനിത ഐപിഎസ് ഉദ്യോഗസ്ഥര്‍. കേസിലെ എഫ്‌ഐആര്‍ ചോര്‍ന്നത് പ്രത്യേകം അന്വേഷിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശിച്ചു.

എഫ്‌ഐആറിലെ ഭാഷ ഞെട്ടിക്കുന്നതും അപലപനീയവുമാണെന്ന് കോടതി വിമര്‍ശിച്ചു. എഫ്‌ഐആറിലെ ഭാഷ ഇരയെ കുറ്റപ്പെടുത്തുന്നതു പോലെയാണെന്നും കോടതി പറഞ്ഞു.ചെന്നൈ കമ്മീഷണറെയും സര്‍വകലാശാലയെയും മദ്രാസ് ഹൈക്കോടതി വിമര്‍ശിച്ചു. ഒരു പ്രതി മാത്രമെന്ന കമ്മീഷണറുടെ പ്രസ്താവന മുന്‍വിധി സൃഷ്ടിക്കുമെന്നും കമ്മീഷണറുടെ വാര്‍ത്താസമ്മേളനം ചട്ടപ്രകാരമോ എന്ന് സര്‍ക്കാര്‍ പരിശോധിച്ച് നടപടി എടുക്കണമെന്നും കോടതി പറഞ്ഞു.

രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ പഠനച്ചെലവ് സര്‍വകലാശാല ഏറ്റെടുക്കണം. ഹോസ്റ്റല്‍ ഫീസ് അടക്കം മുഴുവന്‍ ചെലവും വഹിക്കണം. സര്‍വകലാശാല ഐസിസി ഉടച്ചുവാര്‍ക്കണമെന്നും കോടതി പറഞ്ഞു. ക്രിസ്മസ് ദിവസം രാത്രിയാണ് അണ്ണാ സര്‍വകലാശാലയുടെ ക്യാംപസിനുള്ളില്‍ വിദ്യാര്‍ഥിനിയെ അതിക്രൂരമായി ബലാത്സംഗം ചെയ്തത്. രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയാണ് ആക്രമിക്കപ്പെട്ടത്. പെണ്‍കുട്ടിയും ആണ്‍സുഹൃത്തും പള്ളിയില്‍ നിന്നും തിരികെ വരുമ്പോഴായിരുന്നു സംഭവം. രണ്ട് പേര്‍ ചേര്‍ന്നു ആണ്‍ സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചുകൊണ്ടു പോയി ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം അജ്ഞാതരായ അക്രമികള്‍ സംഭവസ്ഥലത്ത് നിന്നു രക്ഷപ്പെട്ടിരുന്നു. കേസില്‍ കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാന ശേഖരനെന്ന് ചെന്നൈ പൊലീസ് അറിയിച്ചു. 37 വയസ്സുകാരനായ പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

logo
Samakalika Malayalam
www.samakalikamalayalam.com