ന്യൂഡല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ബഹിരാകാശ ഡോക്കിങ് സാങ്കേതികവിദ്യ സ്‌പേഡെക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ഐഎസ്ആര്‍ഒ. ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയര്‍ന്ന പിഎസ്എല്‍വി- സി 60 റോക്കറ്റിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങള്‍ രാത്രി വൈകി വേര്‍പ്പെട്ടതായി ഐഎസ്ആര്‍ഓ അറിയിച്ചു. ഇതോടെ പിഎസ്എല്‍വി സി60 ദൗത്യം പൂര്‍ത്തീകരിച്ചതായി മിഷന്‍ ഡയറക്ടര്‍ എം ജയകുമാര്‍ പറഞ്ഞു.
15 മിനിറ്റിലധികം പറക്കലിനുശേഷം റോക്കറ്റ് ഉപഗ്രഹങ്ങളെ 475 കിലോമീറ്റര്‍ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലെ വലത് ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് പറഞ്ഞു. ' റോക്കറ്റ് ബഹിരാകാശ പേടകത്തെ ശരിയായ ഭ്രമണപഥത്തില്‍ എത്തിച്ചു, സ്‌പെയ്‌ഡെക്‌സ് ഉപഗ്രഹങ്ങള്‍ ഒന്നിനു പുറകെ ഒന്നായി നീങ്ങിയിരിക്കുന്നു, ഇവ ഏകദേശം 20 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ചതിന് ശേഷമാകും കൂടിച്ചേരല്‍ പ്രക്രിയ(ഡോക്കിങ് പ്രോസസ്) ആരംഭിക്കുക, ഡോക്കിങ് പ്രക്രിയ ഒരാഴ്ചക്കുള്ളില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, 2025 ജനുവരി 7 നാകും ഡോക്കിങ് നടക്കുക' എസ് സോമനാഥ് പറഞ്ഞു.
എസ്ഡിഎക്സ് 01, എസ്ഡിഎക്സ് 02 ഉപഗ്രഹങ്ങള്‍ പരസ്പരം 20 കിലോമീറ്റര്‍ അകലത്തില്‍ ഒരേ ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റും. പിന്നീട് അവ തമ്മിലുള്ള അകലം ഘട്ടംഘട്ടമായി കുറച്ചുകൊണ്ടുവരും. അതിനുശേഷമാണ് രണ്ട് ഉപഗ്രഹങ്ങളും കൂട്ടിയോജിപ്പിക്കുക. ഇതിന് എട്ടുദിവസത്തെ സമയമാണെടുക്കുക. ബഹിരാകാശത്തുവെച്ച് കൂട്ടിയോജിപ്പിക്കുന്നതിലും വേര്‍പെടുത്തുന്നതിലും വിജയിച്ചാല്‍ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക