ഹൈദരബാദ്: ഹൈദരബാദില്‍ നടക്കുന്ന സദര്‍ ആഘോഷത്തിനായി ഇത്തവണ എത്തുന്നത് ഹരിയാനയില്‍ നിന്നുള്ള കൂറ്റന്‍ പോത്ത്. പത്ത് കോടി രൂപയാണ് 'ഘോലു-2' എന്ന കൂറ്റന്‍ പോത്തിന്റെ വില. രണ്ട് ടണ്‍ ഭാരവും ഏഴ് അടി ഉയരവും ഉള്ള പോത്തിനെ ആഘോഷത്തില്‍ പങ്കെടുപ്പിക്കാന്‍ ഹരിയാനയില്‍ നിന്നും ഹൈദരബാദില്‍ എത്തിച്ചു. ദീപാവലിക്ക് ശേഷം ഹൈദരബാദില്‍ നടക്കുന്ന രണ്ടുദിവസം നീണ്ട ആഘോഷമാണ് സദര്‍. യാദവരാണ് ഈ ആഘോഷം സംഘടിപ്പിക്കുന്നത്.
സദര്‍ ആഘോഷത്തിന്റെ ഭാഗമായി ഭക്തിയും പ്രൗഡിയും വിളിച്ചോതി പോത്തുകളെ അലങ്കരിച്ച് തെരുവിലൂടെ ഘോഷയാത്ര നടത്തും. പോത്തുകളെ ആരാധിക്കുന്ന ചടങ്ങ് യാദവ സമുദായത്തിന്റെ പരമ്പരാഗതമായ ആഘോഷമാണ്. എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും ഹൈദരാബാദില്‍ ഇത്തവണയും വമ്പന്‍ പരിപാടികളാണ് ആഘോഷത്തിന്റെ ഭാഗമായി നടക്കുന്നതെന്ന് കോണ്‍ഗ്രസ് എംപി അനില്‍കുമാര്‍ യാദവ് പറഞ്ഞു. രേവന്ത് റെഡ്ഡി സര്‍ക്കാര്‍ സദര്‍ സംസ്ഥാന ഉത്സവമായി പ്രഖ്യാപിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ള അഞ്ച് വമ്പന്‍ പോത്തുകളാണ് ആഘോഷത്തിന്റെ ഭാഗമായി എത്തുക - ഘോലു- 2, ശ്രീകൃഷ്ണ, വിദായക്, ബാഷ, ഷേര എന്നിവയാണ് അവ. രണ്ടായിരത്തോളം കിലോയാണ് ഗോലു - 2വിന്റെ ഭാരം. ഗോലു- 2വിന്റെ ഉടമ നരേന്ദ്ര സിങിന് മോദി സര്‍ക്കാര്‍ പത്മ ശ്രീ അവാര്‍ഡ് നല്‍കിയിരുന്നു. ആപ്പിള്‍, പഴം, പാല്‍, നെയ് എന്നിവയാണ് ഭക്ഷണമായി നല്‍കുന്നത്.
എസി വാഹനത്തിലായിരുന്നു ഹരിയാനയില്‍ നിന്നുള്ള നാല്‍ക്കാലിയുടെ യാത്ര. കൂടാതെ അതിന് മസാജ് ഉള്‍പ്പടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. മുറ ഇനത്തില്‍പ്പെട്ടതാണ് ഈ പോത്ത്. പതിനെട്ടുവര്‍ഷമായി ഹൈദരബാദില്‍ ഈ ആഘോഷം സംഘടിപ്പിക്കുന്നു. ഇപ്പോള്‍ തെലങ്കാനയില്‍ ഉടനീളം ഈ പരിപാടി സംഘടിപ്പിക്കുന്നതായി ഓള്‍ ഇന്ത്യ യാദവമഹാസഭയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പറഞ്ഞു.
1942ല്‍ യാദവ സമുദായമാണ് പരിപാടി ആരംഭിച്ചത്. ജാതിമത ഭേദമന്യേ എല്ലാ മതസ്ഥരും ഈ ഉത്സവത്തില്‍ പങ്കെടുക്കുന്നു, പ്രത്യേകിച്ച് യുവജനങ്ങള്‍. ദീപാവലിക്ക് ശേഷം നടക്കുന്ന പരിപാടിയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പോത്തുകള്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കുന്നുവെന്നും സംഘാടകര്‍ പറയുന്നു. രാജ്യത്തെ പ്രധാന കാര്‍ഷിക ആഘോഷങ്ങളില്‍ ഒന്നാണ് സദര്‍.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക