ന്യൂഡല്‍ഹി: പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ രോഹിത് ബാല്‍ (63) അന്തരിച്ചു. ഡല്‍ഹിയിലെ ആശ്ലോക് ആശുപത്രിയില്‍ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ബുധനാഴ്ചയാണ് രോഹിത് ബാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1986ലാണ് രോഹിത് ബാൽ ഫാഷന്‍ ലോകത്തേയ്ക്ക് ചുവടുവയ്ക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ ഫാഷൻ മേഖലയിൽ രോഹിത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു.
അദ്ദേഹത്തിന്റെ ഡിസൈനുകളില്‍ പലപ്പോഴും പ്രകൃതിയുടെ സാന്നിധ്യം നിറഞ്ഞു നിന്നിരുന്നു. താമരയുടേയും മയിലിന്റേയും രൂപങ്ങൾ ഉപയോഗിച്ചുള്ള ഡിസൈനുകളിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. രോഹിത് ബാലിന്റെ ഡിസൈനുകള്‍ ഇന്ത്യയുടെ സംസ്‌കാരത്തോടും ചരിത്രത്തോടും ചേർന്ന് നിന്നിരുന്നു. 2006ല്‍ ഇന്ത്യന്‍ ഫാഷൻ അവാര്‍ഡ്‌സിൽ 'ഡിസൈനര്‍ ഓഫ് ദ ഇയര്‍' പുരസ്‌കാരവും രോഹിത് നേടിയിരുന്നു.
2012 ല്‍ ലാക്‌മെ ഗ്രാന്‍ഡ് ഫിനാലെ ഡിസൈനര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അദ്ദേഹത്തിൻ്റെ അവസാനത്തെ ഷോ ആയിരുന്നു കഴിഞ്ഞ മാസം ലാക്‌മെ ഫാഷന്‍ വീക്കിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ 'കായ്‌നാത് എ ബ്ലൂം ഇന്‍ ദ യൂണിവേഴ്‌സ്' എന്ന തീമില്‍ അവതരിപ്പിച്ചത്. ഇന്ത്യന്‍ ലക്ഷ്വറി ഫാഷനെ അന്താരാഷ്ട്രതലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതിൽ രോഹിത് ബാൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
കരീന കപൂർ, സോനം കപൂർ, അനന്യ പാണ്ഡെ, സൽമാൻ ഖാൻ, സിദ്ധാർത്ഥ് മൽഹോത്ര, കജോൾ ഉൾപ്പെടെയുള്ള സെലിബ്രിറ്റികൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. താരങ്ങളടക്കം നിരവധി പേരാണ് രോഹിത് ബാലിന് അനുശോചനം രേഖപ്പെടുത്തുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക