മുംബൈ: അന്തരിച്ച ഫാഷൻ ഡിസൈനർ രോഹിത് ബാലിന്റെ മരണത്തെ ചുറ്റിപറ്റി ആരോപണങ്ങളുയരുന്നു. രോഹിത് ബാലിന്റെ മരണത്തിന് കാരണം അദ്ദേഹത്തിന്റെ സുഹൃത്തായ ലളിത് തെഹ്‌ലാൻ ആണെന്ന തരത്തിലാണ് ആരോപണങ്ങൾ വരുന്നത്. ചെറിയ അളവിൽ വിഷം നൽകി ലളിത് തെഹ്‌ലാൻ രോഹിത് ബാലിനെ കൊല്ലുകയായിരുന്നുവെന്നാണ് ഫാഷൻ ഡിസൈനറായ രോഹിത് ഗാന്ധിയടക്കമുള്ളവർ ആരോപിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷമായി ബാലിനെ കാണാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളെപ്പോലും തെഹ്‌ലാൻ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. 37 കാരനായ തെഹ്‌ലാൻ, 17-ാം വയസിൽ മോഡലിങ് രംഗത്തെത്തിയതോടെയാണ് ബാലുമായി അടുക്കുന്നതും പിന്നീട് സൗഹൃദം വളരുന്നതും. തന്റെ വ്യക്തി ജീവിതം പൊതുവേ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്താറില്ലായിരുന്നു രോഹിത് ബാൽ. 2008 സെപ്റ്റംബറിലാണ് താൻ സ്വവർഗാനുരാഗിയാണെന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിച്ചത്.
ലളിത് തെഹ്‌ലാനുമായി താൻ ഡേറ്റിങ്ങിലാണെന്നും രോഹിത് ബാൽ വെളിപ്പെടുത്തിയിരുന്നു. രോഹിതുമായുള്ള ചിത്രങ്ങള്‍ പലപ്പോഴും ലളിത് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. മോഡലിങ് രംഗത്ത് ലളിതിനെ വളര്‍ത്തിയത് രോഹിത് ബാലാണ്. താന്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളുടെ മോഡലായി ലളിതിനെ രോഹിത് തെരഞ്ഞെടുത്തു. ഇതിനൊപ്പം ഇരുവരും തമ്മിലുള്ള സൗഹൃദവും വളര്‍ന്നു. എന്നാല്‍ കഴിഞ്ഞ വർഷം ഇരുവരുടേയും ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിച്ചുവെന്ന തരത്തിൽ റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ നവംബറില്‍ കുഴഞ്ഞുവീണതിനെ തുടര്‍ന്ന് കുറച്ച് ദിവസങ്ങള്‍ ഐസിയുവിലായിരുന്നു രോഹിത്.
ഇതിന് പിന്നാലെ ലളിതിനെതിരെ ഫാഷന്‍ ഡിസൈനറായ രോഹിത് ഗാന്ധി രംഗത്തെത്തിയിരുന്നു. രോഹിത് ബാലിനെ ലളിത് ഇഞ്ചിഞ്ചായി കൊല്ലുകയായിരുന്നുവെന്നും രോഹിത് ബലിന്റെ ആരോഗ്യാവസ്ഥ മോശമാകാന്‍ കാരണം ലളിതാണെന്നുമായിരുന്നു രോഹിത് ഗാന്ധിയുടെ ആരോപണം. ഇക്കാര്യം മാധ്യമങ്ങളോട് തുറന്നുപറഞ്ഞതിന് പിന്നാലെ ലളിത് തനിക്ക് ഭീഷണി സന്ദേശം അയച്ചുവെന്നും രോഹിത് ഗാന്ധി വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി രോഹിത് ഗാന്ധി ലളിതിനെതിരെ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. രോഹിത് ഗാന്ധിയുടെ ആരോപണങ്ങള്‍ ശരിവെയ്ക്കുന്ന രീതിയിലാണ് രോഹിത് ബാലിന്റെ അടുത്ത സുഹൃത്തായ ജൂലി ഡെബ് പ്രതികരിച്ചത്. ഗുരുതരാവസ്ഥയില്‍ രോഹിത് ബാല്‍ ആശുപത്രിയിലായിരിക്കുമ്പോള്‍ രോഹിതിന്റെ ജാഗ്വറുമായി ലളിത് ഗോവയില്‍ അവധിക്കാലം ആഘോഷിക്കാന്‍ പോയെന്നും ജൂലി ഡെബ് വെളിപ്പെടുത്തിയിരുന്നു. രോഹിത് ബാലിന് മികച്ച ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ താനും രോഹിത് ഗാന്ധിയും ഇടപെട്ടതിന് പിന്നാലെ ലളിത് തെഹ്‌ലാന്‍ ഭീഷണി സന്ദേശം അയച്ചുവെന്നും തന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ജൂലി ഡെബ് വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി രോഹിത് ബാലിനെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളില്‍ നിന്ന് ലളിത് തെഹ്‌ലാന്‍ അകറ്റിനിര്‍ത്തുകയാണ്. ബാലിന്റെ സ്വത്തില്‍ മാത്രമാണ് ലളിതിന് താത്പര്യമുള്ളത്. മദ്യാസക്തിയില്‍ നിന്ന് രോഹിത് ബാലിനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച സമയത്തെല്ലാം അദ്ദേഹത്തിന് വീണ്ടും ലളിത് മദ്യം പകര്‍ന്നുകൊടുത്തുവെന്നും ജൂലി ഡെബ് ആരോപിച്ചിരുന്നു. എന്നാല്‍, ഇതെല്ലാം തള്ളിക്കളഞ്ഞ് ലളിതിന് പിന്തുണ നല്‍കുകയാണ് രോഹിത് ബാല്‍ ചെയ്തത്.
ലളിത് ദയാലുവാണെന്നും തനിക്ക് ഹൃദയാഘാതമുണ്ടായ സമയത്ത് ഒന്നും പ്രതീക്ഷിക്കാതെ ലളിത് തന്നെ പരിചരിച്ചുവെന്നും ബാല്‍ ഒരഭിമുഖത്തില്‍ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച ഡല്‍ഹിയിലെ അശോക് ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു രോഹിത് ബാൽ അന്തരിച്ചത്. അപ്രതീക്ഷിതമായുള്ള രോഹിതിന്റെ വിയോഗം അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഞെട്ടലോടെയാണ് ഉള്‍ക്കൊണ്ടത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക