ഇന്ത്യന്‍ ജുഡീഷ്യറിയുടെ അമരത്ത് രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷം ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പടിയിറങ്ങുകയാണ്. ഔദ്യോഗികമായി ഞായറാഴ്ച വിരമിക്കുന്ന അദ്ദേഹം ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് ബാറ്റണ്‍ കൈമാറും. അവസാന പ്രവൃത്തി ദിവസമായ ഇന്ന് അലിഗഢ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച സുപ്രധാന വിധി പുറപ്പെടുവിച്ചാണ് പടിയിറക്കം. ഏകദേശം 220ലധികം കേസുകളിലാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വിധി പറഞ്ഞത്. അതില്‍ ശ്രദ്ധിക്കപ്പെട്ട ചില സുപ്രധാന വിധികളില്‍ ചിലത് ഏതൊക്കെയാണെന്ന് നോക്കാം.
ഈ വര്‍ഷത്തെ ലോകസ്ഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായണ് ഇലക്ടറല്‍ ബോണ്ട് പദ്ധതി റദ്ദാക്കുന്നത്. ചീഫ് ജസ്റ്റിസിന്റെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. 2018 മുതല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ചുവന്ന ധനസഹായത്തിനുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ റദ്ദാക്കി. ഇലക്ടറല്‍ ബോണ്ടുകള്‍ വിതരണം ചെയ്യുന്നത് ഉടന്‍ നിര്‍ത്താന്‍ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയോട് നിര്‍ദേശിക്കുകയും ലഭിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുകയും ചെയ്തു.
ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയിലെ അനുച്ഛേദം 370 കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി പ്രത്യേക പരമാധികാരം ജമ്മുകശ്മീരിനില്ലെന്നായിരുന്നു വിധി. 2013 ഡിസംബറില്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രത്യേക പദവി താല്‍ക്കാലിക വ്യവസ്ഥ മാത്രമായിരുന്നുവെന്നും യുദ്ധ സാഹചര്യം മറി കടക്കുന്നതിനും സംസ്ഥാനമായി മാറി ഭരണഘടനയുടെ ഭാഗമാവാനും വേണ്ടിയാണ് ആര്‍ട്ടിക്കിള്‍ 370 ബാധകമാക്കിയതെന്നും കോടതി പറഞ്ഞു.
രാജ്യത്ത് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹര്‍ജികളില്‍ അഞ്ചം ഭരണഘടനാ ബെഞ്ചിലെ നാല് ജഡ്ജിമാര്‍ വെവ്വേറെ വിധിയാണ് പുറപ്പെടുവിച്ചത്. സ്വവര്‍ഗ ലൈംഗികത വരേണ്യ നഗര സങ്കല്‍പ്പമല്ലെന്ന് വിധി ന്യായത്തില്‍ ചൂണ്ടിക്കാണിച്ചു. സ്പെഷല്‍ മാര്യേജ് ആക്ടിലെ സെക്ഷന്‍ 4 ഭരണഘടനാ വിരുദ്ധമെന്നും കോടതി വിലയിരുത്തി. സ്പെഷല്‍ മാര്യേജ് ആക്ടിന് മാറ്റം വരുത്തണമോ എന്നത് പാര്‍ലമെന്റിന് തീരുമാനിക്കാം. അതേസമയം വിവാഹം എന്ന സങ്കല്‍പ്പത്തിന് മാറ്റങ്ങള്‍ ഉണ്ടാകുന്നില്ലെന്നുമായിരുന്നു വിധി
രാജ്യാന്തര തലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട വിധികളില്‍ ഒന്നാണ് ഹാദിയ കേസ്. വൈക്കം സ്വദേശിനി ഹാദിയയും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനുമായുള്ള വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതി വിധി റദ്ദാക്കിയത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അടങ്ങിയ അഞ്ചംഗ സുപ്രീംകോടതി ബെഞ്ചാണ്. ഓരോ വ്യക്തിക്കും താല്‍പര്യമുള്ളയാളെ വിവാഹം ചെയ്യാനുള്ള അവകാശം ജീവിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ഭാഗം ആണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതിയ വിധിയില്‍ വ്യക്തമാക്കി.
ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി പ്രസ്താവിച്ച സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്നു ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ഈ വിധിക്ക് എതിരെ നല്‍കിയ പുനഃപരിശോധന ഹര്‍ജി പരിഗണിച്ച ബെഞ്ചിലും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അംഗമായിരുന്നു. യുവതി പ്രവേശന വിധി പുനഃപരിശോധിക്കേണ്ടതില്ല എന്ന നിലപാടാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സ്വീകരിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക