ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ ചെയ്തു

ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുള്ളത്
justice sanjiv khanna
ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്യുന്നു പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവാണ് ജസ്റ്റിസ് ഖന്നയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, സ്ഥാനമൊഴിഞ്ഞ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു. സുപ്രീംകോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസാണ് സഞ്ജീവ് ഖന്ന.

ചീഫ് ജസ്റ്റിസ് പദവിയില്‍ ആറു മാസമാണ് ജസ്റ്റിസ് സഞ്ജീവ് ഖന്നയ്ക്ക് കാലാവധിയുള്ളത്. 2025 മെയ് 13 വരെ ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകിയ ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ശരിവെക്കൽ, കേന്ദ്ര സർക്കാരിന്റെ തിരഞ്ഞെടുപ്പ് ബോണ്ട് പദ്ധതി റദ്ദാക്കൽ തുടങ്ങിയവ ജസ്റ്റിസ് സഞ്ജീവ് ഖന്ന ഉൾപ്പെട്ട ബെഞ്ചിന്റെ സുപ്രധാന വിധികളാണ്. മദ്യനയക്കേസിൽ കെജരിവാളിന് ജാമ്യം അനുവദിച്ചതും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ചായിരുന്നു.

സെന്റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ബിരുദം നേടിയ സഞ്ജീവ് ഖന്ന ഡല്‍ഹി യൂണിവേഴ്‌സിറ്റി കാംപസ് ലോ സെന്ററില്‍ നിന്നാണ് നിയമബിരുദം കരസ്ഥമാക്കിയത്. 1983 ല്‍ ഡല്‍ഹി ബാര്‍ കൗണ്‍സിലിന് കീഴില്‍ അഭിഭാഷകനായി തുടക്കം കുറിച്ചു. 2005 ജൂണില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. 2006 ല്‍ ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി. 2019 ജനുവരിയിലാണ് സഞ്ജീവ് ഖന്നയെ സുപ്രീംകോടതി ജഡ്ജിയായി ഉയര്‍ത്തുന്നത്.

അമ്മാവനായ ജസ്റ്റിസ് ഹൻസ് രാജ് ഖന്നയ്ക്കു നിഷേധിക്കപ്പെട്ട ചീഫ് ജസ്റ്റിസ് പദവിയിലേക്കാണ് അനന്തരവൻ 47 വർഷങ്ങൾക്കു ശേഷമെത്തിയത്. അന്യായമായി തടങ്കലിൽ വയ്ക്കുന്നതിന് എതിരെ പൗരനുള്ള അവകാശം സർക്കാരിന് റദ്ദു ചെയ്യാമെന്ന എഡിഎം ജബൽപുർ കേസിലെ ഭൂരിപക്ഷവിധിയിൽ വിയോജന വിധിയെഴുതിയ ഏക ജഡ്ജിയായിരുന്നു ജസ്റ്റിസ് എച്ച് ആർ ഖന്ന. അടിയന്തരാവസ്ഥയ്ക്കെതിരായ ആ വിധിയെഴുത്തിൽ അതൃപ്തയായ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധി, എച്ച് ആർ ഖന്നയുടെ സീനിയോറിറ്റി മറികടന്ന് ജൂനിയറായ എം എച്ച് ബെയ്​ഗിനെ ചീഫ് ജസ്റ്റിസാക്കി. ഇതിൽ പ്രതിഷേധിച്ച് ജസ്റ്റിസ് എച്ച് ആർ ഖന്ന രാജിവെക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com