ലങ്കയ്ക്ക് അര്‍ഹതപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാര്‍ കവരുന്നു, തടയാന്‍ ഏതറ്റം വരെയും പോകാന്‍ മടിക്കില്ല; മുന്നറിയിപ്പുമായി ദിസനായകെ

ശ്രീലങ്കൻ സർക്കാർ കൈവശപ്പെടുത്തിയ തമിഴ് വംശജരുടെ ഭൂമി അവർക്ക് തിരികെ നൽകുമെന്നും ദിസനായകെ ഉറപ്പു നൽകി.
Anura Kumara Dissanayake
അനുര കുമാര ദിസനായകെഎക്സ്
Published on
Updated on

ജാഫ്‌ന: ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുമായി ശ്രീലങ്ക. നിയമവിരുദ്ധ മത്സ്യബന്ധനം അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്ററ് അനുര കുമാര ദിസനായകെ. ലങ്കയ്ക്ക് അര്‍ഹതപ്പെട്ട മത്സ്യസമ്പത്ത് ഇന്ത്യക്കാര്‍ കവരുകയാണെന്നും ദിസനായകെ പറഞ്ഞു. അധികാരമേറ്റശേഷം ആദ്യമായി ജാഫ്‌നയിലെത്തിയ അനുര കുമാര ദിസനായകെ, പൊതുയോഗത്തില്‍ സംബന്ധിക്കുമ്പോഴായിരുന്നു ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

വടക്കന്‍ ശ്രീലങ്കയിലെ തമിഴ് വംശജരായ മത്സ്യത്തൊഴിലാളികള്‍ക്ക് അവകാശപ്പെട്ടതാണ് ഈ മത്സ്യ സമ്പത്ത്. ഇത് കവരുന്നത് അനുവദിക്കാനാകില്ല. ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ ചെയ്യുന്നത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്. ഇതു തടയാനും, ലങ്കയ്ക്ക് അര്‍ഹതപ്പെട്ട മത്സ്യസമ്പത്ത് സംരക്ഷിക്കാനും ഏതറ്റം വരെ പോകാനും മടിക്കില്ലെന്നും പ്രസിഡന്റ് അനുര കുമാര ദിസനായകെ പറഞ്ഞു. സമുദ്രവിഭവങ്ങള്‍ മറ്റാരും ചൂഷണം ചെയ്യുന്നില്ലെന്ന് തന്റെ സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും, ലങ്കന്‍ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്നും ദിസനായകെ കൂട്ടിച്ചേര്‍ത്തു. ശ്രീലങ്കൻ സർക്കാർ കൈവശപ്പെടുത്തിയ തമിഴ് വംശജരുടെ ഭൂമി അവർക്ക് തിരികെ നൽകുമെന്നും പ്രസിഡന്റ് ദിസനായകെ ഉറപ്പു നൽകി.

ശ്രീലങ്കന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനായി ജനതാ വിമുക്തി പെരുമുനയുടെ നേതൃത്വത്തിലുള്ള നാഷണല്‍ പീപ്പിള്‍സ് പവര്‍ മുന്നണിക്കായി പ്രചാരണത്തിന് എത്തിയതായിരുന്നു ലങ്കന്‍ പ്രസിഡന്റ്. സമുദ്രാതിര്‍ത്തി കടന്ന് മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ച് ഇന്നലെയും രാമേശ്വരം സ്വദേശികളായ 23 പേരെ ലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിരുന്നു. തമിഴ്‌നാട് സ്വദേശികളായ 128 മത്സ്യത്തൊഴിലാളികളും 199 ബോട്ടുകളും ലങ്കയുടെ കസ്റ്റഡിയിലാണെന്നും അവരെ മോചിപ്പിക്കാന്‍ ഇടപെടണമെന്ന് കഴിഞ്ഞമാസം തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com