ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ല; രാജ്യത്ത് പടക്കങ്ങള്‍ക്ക് സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടെന്ന് സുപ്രീംകോടതി

മലിനീകരണം അതിരൂക്ഷമായിട്ടും പടക്ക നിരോധനം കർശനമായി നടപ്പാക്കാത്തതിൽ കോടതി വിമര്‍ശിച്ചു
delhi air pollusion
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം പിടിഐ
Updated on
1 min read

ന്യൂഡല്‍ഹി: ഒരു മതവും മലിനീകരണത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമ്പോഴായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം. തലസ്ഥാനത്ത് മലിനീകരണം അതിരൂക്ഷമായിട്ടും പടക്ക നിരോധനം കർശനമായി നടപ്പാക്കാത്തതിൽ കോടതി വിമര്‍ശിച്ചു. ഈ രീതിയില്‍ പടക്കം പൊട്ടിച്ചാല്‍ അത് പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കാനുള്ള മൗലികാവകാശത്തെയും ബാധിക്കുമെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ഡല്‍ഹിയില്‍ വര്‍ഷത്തോളമായി മലിനീകരണം തുടര്‍ന്നിട്ടും ഒക്ടോബറിനും ജനുവരിക്കും ഇടയിലുള്ള മാസങ്ങളില്‍ മാത്രമായി പടക്ക നിരോധനം പരിമിതപ്പെടുത്തുന്നത് എന്തിനാണ്.?. രാജ്യത്ത് പടക്കങ്ങള്‍ക്ക് സ്ഥിരമായ നിരോധനം ഏര്‍പ്പെടുത്താത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇക്കാര്യം പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡല്‍ഹിയില്‍ നിലവിലുള്ള നിരോധനം കര്‍ശനമായി നടപ്പിലാക്കാനും സുപ്രീംകോടതി ഡല്‍ഹി പൊലീസിന് നിര്‍ദേശം നല്‍കി.

ജസ്റ്റിസുമാരായ അഭയ് എസ് ഓഖ, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വായു മലിനീകരണം വര്‍ഷം തോറും വര്‍ധിക്കുകയാണ്. അപ്പോഴും ഏതാനും മാസങ്ങളില്‍ മാത്രമായി നിരോധനം ചുരുക്കുന്നത് എന്തുകൊണ്ടാണ്?. പടക്കത്തിന്റെ രാസ അവശിഷ്ടങ്ങള്‍ മൂലം നഗരത്തില്‍ വിഷ പുകമഞ്ഞ് മൂടുന്നു. ഇത് നഗരവാസികളെ ശ്വാസം മുട്ടിക്കുകയും അവരുടെ ആരോഗ്യത്തിന് ഗുരുതരമായ അപകടമുണ്ടാക്കുകയും ചെയ്യുന്നു. അതിനാല്‍ നവംബര്‍ 25-നകം തലസ്ഥാന നഗരത്തില്‍ പടക്കങ്ങള്‍ സ്ഥിരമായി നിരോധിക്കുന്ന കാര്യം പരിഗണിക്കാന്‍ സുപ്രീംകോടതി ഡല്‍ഹി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു

ഡല്‍ഹിയിലെ ഉത്സവ സീസണുകളിലും കാറ്റ് മലിനീകരണം രൂക്ഷമാക്കുന്ന മാസങ്ങളിലും ഊന്നല്‍ നല്‍കുന്നതാണ് നിലവിലെ ഉത്തരവെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടി വിശദീകരിച്ചു. എന്നാല്‍, സ്ഥിരമായ വിലക്ക് പരിഗണിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിച്ചെങ്കിലും തെരഞ്ഞെടുപ്പ്, വിവാഹം തുടങ്ങിയ പരിപാടികള്‍ക്ക് ഇളവ് അനുവദിച്ചുകൊണ്ട് ഒക്ടോബര്‍ 14-ന് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവും കോടതി പരിശോധിച്ചു. തെരഞ്ഞെടുപ്പുകള്‍ക്കും വിവാഹങ്ങള്‍ക്കും മറ്റും പടക്കം കത്തിക്കാമെന്ന് നിങ്ങളുടെ ഉത്തരവില്‍ പറഞ്ഞിട്ടുണ്ടോയെന്ന് കോടതി ചോദിച്ചു. നിരോധന ഉത്തരവ് പുറപ്പെടുവിക്കുന്നതിലുണ്ടായ കാലതാമസത്തെയും ബെഞ്ച് ചോദ്യം ചെയ്തു.

നിരോധനം നിലനില്‍ക്കെ പടക്ക വില്‍പ്പനയ്ക്ക് ലൈസന്‍സുകള്‍ നല്‍കരുത്. നിരോധന ഉത്തരവ് പൊലീസ് ഗൗരവത്തിലെടുത്തില്ലെന്നും കോടതി വിമര്‍ശിച്ചു. നിരോധന ഉത്തരവിനെക്കുറിച്ച് ബന്ധപ്പെട്ട എല്ലാവര്‍ക്കും ഉടന്‍ അറിയിപ്പ് നല്‍കാനും പടക്കങ്ങളുടെ വില്‍പ്പനയും നിര്‍മ്മാണവും ഇല്ലെന്ന് ഉറപ്പാക്കാനും സുപ്രീം കോടതി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പടക്ക നിരോധനത്തിന് ശാശ്വത തീരുമാനം ഈ മാസം 25 നകം എടുക്കണമെന്ന് ഡല്‍ഹി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആരെങ്കിലും പടക്കം പൊട്ടിക്കാന്‍ മൗലികാവകാശം ഉണ്ടെന്ന് പറഞ്ഞാല്‍, അവര്‍ കോടതിയിലേക്ക് വരട്ടെ! ദീപാവലിക്ക് മാത്രമല്ല, വര്‍ഷം മുഴുവനും പടക്കം നിരോധിക്കണം എന്നും കോടതി അഭിപ്രായപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com