100% ജോലി ഉറപ്പ് നൽകി പരസ്യം വേണ്ട, അനുമതിയില്ലാതെ പേരും ഫോട്ടോയും ഉപയോ​ഗിക്കരുത്: കോച്ചിങ് സെന്ററുകൾക്ക് കേന്ദ്ര മാർ​ഗരേഖ

അക്കാദമിക് സപ്പോർട്ട്, ​ഗൈഡൻസ്, സ്റ്റഡി പ്രോ​ഗ്രാം, ട്യൂഷൻ എന്നീ നിർവചനങ്ങളിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും മാർ​ഗരേഖയുടെ പരിധിയിൽ വരും
Central Guidelines for Coaching Centers
കോച്ചിങ് സെന്ററുകൾക്ക് കേന്ദ്ര മാർ​ഗരേഖ
Published on
Updated on

ന്യൂഡൽഹി: കോച്ചിങ് സെന്ററുകളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയാൻ അന്തിമ മാർ​ഗരേഖ പുറത്തിറക്കി കേന്ദ്രം. 100 ശതമാനം ജോലി ലഭിക്കും എന്ന മട്ടിലുള്ള അവകാശവാദങ്ങൾ പാടില്ലെന്ന് മാര്‍ഗരേഖ നിര്‍ദേശിക്കുന്നു. വിദ്യാർഥികളുടെ രേഖാമൂലമുള്ള അനുമതിയോടെ വേണം അവരെവച്ചു പരസ്യം നൽകാൻ എന്നും മാർ​ഗരേഖയിൽ പറയുന്നു.

അക്കാദമിക് സപ്പോർട്ട്, ​ഗൈഡൻസ്, സ്റ്റഡി പ്രോ​ഗ്രാം, ട്യൂഷൻ എന്നീ നിർവചനങ്ങളിൽ വരുന്ന എല്ലാ സ്ഥാപനങ്ങളും മാർ​ഗരേഖയുടെ പരിധിയിൽ വരും. കുറഞ്ഞത് 50 കുട്ടികൾ ഉണ്ടാകണം. സ്പോർട്സ്, ഡാൻസ് അടക്കമുള്ള കലാകായിക ക്ലാസുകൾക്ക് ഇത് ബാധകമല്ല.

ദേശീയ ഉപഭോക്തൃ ഹെൽപ്പ് ലൈനിലൂടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) തയ്യാറാക്കിയ അന്തിമ മാർഗനിർദ്ദേശങ്ങളാണ് പുറത്തിറക്കിയിരിക്കുന്നത്. സിസിപിഎ ഇതുവരെ 54 കോച്ചിങ് സെന്ററുകൾക്ക് നോട്ടീസ് നൽകുകയും, 54.60 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കോച്ചിങ് സെൻ്ററുകൾ വിദ്യാർത്ഥികളിൽ നിന്ന് ബോധപൂർവം വിവരങ്ങൾ മറച്ചുവെക്കുന്നതായി കണ്ടെത്തി. ഇത്തരം കോച്ചിങ് സെന്ററുകളെ നിയന്ത്രിക്കുന്നതിനു വേണ്ടിയാണ് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത് എന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി നിധി ഖരെ പറഞ്ഞു.

മാർ​ഗരേഖയിലെ പ്രധാന വ്യവസ്ഥകൾ

  • കോച്ചിങ് സെന്ററുകളുടെ പരസ്യങ്ങളിൽ പേര്, ചിത്രം, വിഡിയോ ഉപയോ​ഗിക്കാൻ ഉദ്യോ​ഗാർത്ഥിയുടെ രേഖാമൂലമുള്ള അനുമതി വേണം. ഫലം വന്നതിനു ശേഷം മാത്രമായിരിക്കണം അനുമതി തേടേണ്ടത്.

  • പരസ്യങ്ങളിൽ 100 ശതമാനം ജോലി, സെലക്ഷൻ ഉറപ്പ് എന്ന മട്ടിലുള്ള അവകാശവാദങ്ങൾ വേണ്ട.

  • ഉദ്യോ​ഗാർത്ഥിയുടെ സ്വന്തം പരിശ്രമത്തെ അവ​ഗണിച്ച് കോച്ചിങ് കൊണ്ടുമാത്രമാണ് ഉന്നതവിജയം നേടിയത് എന്ന തരത്തിൽ പരസ്യംവേണ്ട.

  • കോഴ്സുകൾ, ഫീസ്, വിജയശതമാനം, റാങ്കിങ്, കോഴ്സുകളുടെ അം​ഗീകാരം സൗകര്യങ്ങൾ അടക്കമുള്ളവയിൽ വ്യാജ അവകാശവാദങ്ങൾ പാടില്ല.

  • പരസ്യങ്ങളിലെ ചിത്രങ്ങൾക്കൊപ്പം വിജയിയുടെ റാങ്ക്, ഓപ്റ്റ് ചെയ്തിരുന്ന കോഴ്സ്, ദൈർഘ്യം, കോഴ്സിന് ഫീസ് ഉണ്ടായിരുന്നോ എന്നതടക്കം വ്യക്തമാക്കണം.

  • പരസ്യങ്ങളിൽ അവകാശവാദങ്ങളുടെ അതേ വലുപ്പത്തിൽ നിബന്ധനങ്ങളും നൽകണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com