'സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു'; ബിജെപി സഖ്യ സര്‍ക്കാരില്‍ നിന്നും പിന്‍മാറി എന്‍പിപി

എന്‍പിപിയുടെ 7 എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്.
എന്‍ ബിരേന്‍ സിങ്,മണിപ്പൂര്‍ മുഖ്യമന്ത്രി
എന്‍ ബിരേന്‍ സിങ്,മണിപ്പൂര്‍ മുഖ്യമന്ത്രിഎഎന്‍ഐ
Published on
Updated on

ഇംഫാല്‍: മണിപ്പൂരില്‍ ബിജെപി സഖ്യ സര്‍ക്കാരില്‍ നിന്നും പിന്മാറി നാഷനല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി). ബിജെപി കഴിഞ്ഞാല്‍ സര്‍ക്കാരിലെ ഏറ്റവും വലിയ കക്ഷിയാണ് എന്‍പിപി. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് പിന്മാറ്റം. എന്‍പിപിയുടെ 7 എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന ക്രമസമാധാനത്തെക്കുറിച്ച് അഗാധമായ ഉത്കണ്ഠ പ്രകടിപ്പിച്ചുകൊണ്ട് എന്‍ ബിരേന്‍ സിങ് സര്‍ക്കാരിനുള്ള പിന്തുണയാണ് നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി പിന്‍വലിച്ചത്. സംസ്ഥാനത്തെ വംശീയ കലാപം നിയന്ത്രിക്കുന്നതിലും സാധാരണ നില പുനഃസ്ഥാപിക്കുന്നതിലും മണിപ്പൂര്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് അയച്ച ഔദ്യോഗിക കത്തില്‍ എന്‍പിപി അഭിപ്രായപ്പെട്ടു.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, മണിപ്പൂരിലെ സ്ഥിതി കൂടുതല്‍ വഷളാവുകയും നിരവധി നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുകയും സംസ്ഥാനത്തെ ജനങ്ങള്‍ 'വലിയ ദുരിതങ്ങളിലൂടെ കടന്നുപോവുകയുമാണ്', എന്‍പിപി കത്തില്‍ പറയുന്നു.

വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഒരു പ്രധാന സഖ്യകക്ഷിയെ നഷ്ടപ്പെട്ടെങ്കിലും, 60 അംഗ മണിപ്പൂര്‍ നിയമസഭയില്‍ ബിജെപി സര്‍ക്കാര്‍ സുസ്ഥിരമായി തുടരാനാണ് സാധ്യത. ബിജെപിക്ക് നിലവില്‍ 37 സീറ്റുകള്‍ സ്വന്തമായി ഉണ്ട്. 31 സീറ്റാണ് ഭൂരിപക്ഷത്തിനു വേണ്ടത്. ജനതാദള്‍ യുണൈറ്റഡിന്റെ 1 എംഎല്‍എ, നാഗാ പീപ്പിള്‍സ് ഫ്രണ്ടിലെ (എന്‍പിഎഫ്) അഞ്ച് എംഎല്‍എമാര്‍, മൂന്ന് സ്വതന്ത്ര എംഎല്‍എമാര്‍ എന്നിവരുടെ പിന്തുണയും ബിജെപിക്കുണ്ട്. 2023ല്‍ കുക്കി, മെയ്തി കമ്മ്യൂണിറ്റികള്‍ക്കിടയില്‍ പൊട്ടിപ്പുറപ്പെട്ട വംശീയ അക്രമം ഇതുവരെ 250 പേരുടെയെങ്കിലും ജീവന്‍ അപഹരിക്കുകയും 60,000 ത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com