ന്യൂഡല്‍ഹി: മന്ത്രി കൈലാഷ് ഗെഹലോട്ട് രാജിവെച്ചതിന് തൊട്ടുപിന്നാലെ ബിജെപി മുന്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ എത്തിച്ച് ആം ആദ്മി പാര്‍ട്ടി. മുന്‍ എംഎല്‍എ അനില്‍ ഝായാണ് എഎപിയില്‍ ചേര്‍ന്നത്. എഎപി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജരിവാളാണ് അനില്‍ ഝായെ ഷാളും തൊപ്പിയും അണിയിച്ച് പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്.
വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ കിരാരി അസംബ്ലി മണ്ഡലത്തില്‍ നിന്നും അനില്‍ ഝാ രണ്ടുതവണ ബിജെപി എംഎല്‍എയായിട്ടുണ്ട്. ബിജെപി നേതൃത്വത്തോടും നയങ്ങളോടുമുള്ള അതൃപ്തിയാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് അനില്‍ ഝാ പറയുന്നത്. താഴേത്തട്ടില്‍ ശക്തമായ സ്വാധീനമുള്ള നേതാവായ അനില്‍ ഝായുടെ വരവ് എഎപിക്ക് ഏറെ സഹായകമാകുമെന്നാണ് വിലയിരുത്തല്‍.
പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് മന്ത്രിയായിരുന്ന കൈലാഷ് ഗെഹലോട്ട് രാജിവെച്ചത്. മന്ത്രിസ്ഥാനവും എഎപി പ്രാഥമിക അംഗത്വവും അദ്ദേഹം രാജിവെച്ചു. ശീഷ്മഹല്‍ പോലുള്ള വിവാദങ്ങള്‍ ആം ആദ്മി പാര്‍ട്ടിയില്‍ ഇനിയും വിശ്വസിക്കണോയെന്ന സംശയം ഉയര്‍ത്തുകയാണ്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്നും ഗെഹലോട്ട് ആരോപിച്ചു. ഡല്‍ഹിയിലെ അതിഷി സര്‍ക്കാരില്‍ ഗതാഗതം, റവന്യൂ, നിയമ വകുപ്പുകളാണ് കൈലാഷ് ഗെഹലോട്ട് കൈകാര്യം ചെയ്തിരുന്നത്. കൈലാഷ് ഗെഹലോട്ട് ബിജെപിയിൽ ചേരുമെന്നാണ് റിപ്പോർട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക