മണിപ്പൂരില്‍ നദിയില്‍ നിന്നും രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു, എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ വീണ്ടും ആക്രമണം; അമിത് ഷാ വിളിച്ച ഉന്നതതലയോഗം ഇന്ന്

രണ്ടു ദിവസത്തിനിടെ മന്ത്രിമാരുടേയും, 13 എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായി
manipur violence
മണിപ്പൂരില്‍ സംഘര്‍ഷം തുടരുന്നുപിടിഐ
Published on
Updated on

ഇംഫാല്‍: മണിപ്പൂരില്‍ ബരാക് നദിയില്‍ നിന്നും രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. വിവസ്ത്രയായ നിലയില്‍ ഒരു സ്ത്രീയുടേയും ഒരു പെണ്‍കുട്ടിയുടേയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അതിനിടെ, കലാപം തുടരുന്ന മണിപ്പൂരില്‍ രണ്ടു എംഎല്‍എമാരുടെ വീടുകള്‍ക്ക് നേരെ കൂടി ആക്രമണമുണ്ടായി. രണ്ടു ദിവസത്തിനിടെ മന്ത്രിമാരുടേയും, 13 എംഎല്‍എമാരുടെയും വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായി. നിരവധി വീടുകള്‍ക്ക് തീയിട്ടു.

ജിരിബാം ജില്ലയില്‍ ഒരു കുടുംബത്തിലെ ആറുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനു പിന്നാലെയാണ് സംഘര്‍ഷം വീണ്ടും രൂക്ഷമായത്. മൂന്നു കുട്ടികള്‍ അടക്കം ആറു മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മെയ്തി വിഭാ​ഗത്തിൽപ്പെട്ടവരാണ് മരിച്ച ആറുപേരും.ജിരിബാം സ്വദേശിയായ ലൈഷാറാം ഹെരോജിതിന്റെ കുടുംബത്തിൽപ്പെട്ടവരാണ് മരിച്ച ആറുപേരും. നദിയിൽ നിന്നും തലയില്ലാത്ത നിലയിലാണ് രണ്ടരവയസ്സുകാരന്റെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിൽ കുക്കി വിഭാ​ഗത്തിൽപ്പെട്ടവരാണ് എന്നാണ് ആരോപണം.

ദുരിതാശ്വാസക്യാമ്പിൽ നിന്ന്‌ സായുധസംഘം ഇവരെ തട്ടിക്കൊണ്ടുപോയതായാണ് റിപ്പോർട്ടുകൾ. ജിരിബാമില്‍ ക്രിസ്തീയ ദേവാലയങ്ങള്‍ക്കു നേരെയും വ്യാപക ആക്രമണമുണ്ടായി. അഞ്ച് പള്ളികള്‍ക്കും ആറ് വീടുകള്‍ക്കും തീയിട്ടു. വ്യാപക അക്രമങ്ങൾ ഉണ്ടായതിനെത്തുടർന്ന് ഇംഫാൽ വെസ്റ്റ്, ഈസ്റ്റ് ജില്ലകളിൽ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഏഴ് ജില്ലകളിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചു. സംഘർഷബാധിത മേഖലകളിൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ഇംഫാലിൽ സൈന്യം ഫ്ലാ​ഗ് മാർച്ച് നടത്തി.

അതിനിടെ, മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഇന്ന് അവലോകന യോ​ഗം ചേരും. ഉച്ചയ്ക്ക് 12 നാണ് യോ​ഗം. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കിയാണ് അമിത് ഷാ ഡല്‍ഹിയിലേക്ക് മടങ്ങിയത്. മണിപ്പൂരിലെ ബീരേൻ സിങ് സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ എൻപിപി ഇന്നലെ പിൻവലിച്ചിരുന്നു. സർക്കാറിന് സംസ്ഥാനത്ത് യാതൊരു നിയന്ത്രണവുമില്ലെന്ന് വ്യക്തമായെന്നും എൻപിപി ആരോപിച്ചു. മുഖ്യമന്ത്രി ബിരേൻ സിങിനെ മാറ്റണമെന്ന ആവശ്യം മണിപ്പൂരിലെ ബിജെപിക്ക് അകത്തും ശക്തമാവുകയാണെന്നാണ് റിപ്പോർട്ടുകൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com