ലഖ്നോ: ഉത്തര്‍പ്രദേശിലെ സംഭാല്‍ ജില്ലയില്‍ ഷാഹി ജുമാ മസ്ജിദിലെ സര്‍വേക്കെതിരെ പ്രതിഷേധിച്ച മൂന്നുപേര്‍ വെടിയേറ്റു മരിച്ചു. നദീം അഹമ്മദ്, ബിലാല്‍ അന്‍സാരി എന്നിവരാണ് കൊല്ലപ്പെട്ട രണ്ടുപേര്‍. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ല. ആക്രമണത്തില്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് മൊറാദാബാദ് ഡിവിഷണല്‍ കമ്മീഷണര്‍ അനന്യ കുമാര്‍ പറഞ്ഞു.
മസ്ജിദിലെ രണ്ടാം സര്‍വേയ്ക്കിടെ പൊലീസ് സംഘത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്. ജനക്കൂട്ടത്തെ സമരക്കാരെ പിരിച്ചുവിടാന്‍ ടിയര്‍ ഗ്യാസ് പ്രയോഗവും ലാത്തിച്ചാര്‍ജും നടത്തി. തുടര്‍ന്ന് ഇത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മില്‍ പല തവണ ഏറ്റുമുട്ടലുണ്ടായി. മസ്ജിദിന്റെ സ്ഥലത്ത് ഹരിഹര്‍ ക്ഷേത്രത്തിന്റെ അവശിഷ്ടം ഉണ്ടെന്ന ഹര്‍ജിയെത്തുടര്‍ന്ന് പ്രാദേശിക കോടതിയുടെ ഉത്തരവനുസരിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മസ്ജിദില്‍ സര്‍വേ നടത്തിയിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് കോടതി നിയോഗിച്ച അഭിഭാഷകസംഘം സര്‍വേക്കായി മസ്ജിദിലെത്തിയത്. ഇതിനിടെ ഒരു സംഘം പ്രതിഷേധവുമായി എത്തുകയായിരുന്നു. തുടര്‍ന്ന് അത് വലിയ സംഘര്‍ഷത്തിലേക്ക് നീങ്ങി. പൊലീസും സമരക്കാരും തമ്മില്‍ പല തവണ ഏറ്റുമുട്ടലുണ്ടായി. പ്രദേശത്ത് ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക